തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ വിദ്വേഷ പരമാര്‍ശത്തോട് പ്രതികരിച്ച് നടിയും നര്‍ത്തകയുമായ സുരഭി ലക്ഷ്മി. സത്യഭാമയുടേത് തരംതാഴ്ന്ന പ്രവര്‍ത്തിയാണെന്നും എങ്ങനെയാണ് കഴിവും സൗന്ദര്യവുമൊക്കെ അളക്കാന്‍ സാധിക്കുക എന്നും സുരഭി ചോദിച്ചു. കലയാണ് ശ്രദ്ധിക്കുന്നത്, അതില്‍ നിറത്തെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ലെന്നും നടി മാധ്യമങ്ങളോാട് പറഞ്ഞു.
വളരെ തരംതാഴ്ന്ന പ്രസ്താവന. കലയും കലാകാരന്മാരും സമൂഹവും മുന്‍പോട്ട് പോകുന്ന സമയത്ത് ജാതീയപരമായും വംശീയപരമായുമൊക്കെ നടത്തുന്ന പ്രസ്താവനകള്‍ അത്രയും നിലവാരം കുറഞ്ഞതാണ്. ഇത് വളരെ മോശമായി പോയി, കാരണം രാമകൃഷ്ണന്‍ സാര്‍ ഞങ്ങളുടെ അധ്യാപകനാണ്. കാലടിയില്‍ പഠിക്കുന്ന സമയത്ത് മോഹിനിയാട്ടം നമ്മളെ പഠിപ്പിച്ചു തന്നിട്ടുള്ള അധ്യാപകനാണ്.
അദ്ദേഹത്തിന്റെ കഴിവിനെയും സൗന്ദര്യത്തെയുമൊക്കെ എങ്ങനെയാണ് അളക്കാന്‍ കഴിയുക. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് ഞങ്ങളൊക്കെ മതിമറന്നിരുന്നിട്ടുണ്ട്. നമ്മള്‍ നിറത്തെ കുറിച്ചോ സൗന്ദര്യത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല, നമ്മള്‍ കലാകാരന്മാരാണ്. അതുകൊണ്ട് തന്നെ ഇവര് പറയുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല, സുരഭി വ്യക്തമാക്കി.