X

സത്യത്തിനെത്ര വയസ്സായി-കെ.എന്‍.എ ഖാദര്‍

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഹിതം മാത്രമല്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താനുള്ള അവകാശം കൂടിയാണ്. ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് വേണം. അതു നടത്താന്‍ സ്വതന്ത്ര സ്വഭാവമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അവസരം വേണം. അവര്‍ പറയുന്നതില്‍നിന്ന് ന്യായമായവ സ്വീകരിക്കപ്പെടണം. അങ്ങനെ നിയമങ്ങള്‍ ജനിക്കണം. അവ നിഷ്പക്ഷമായി നടപ്പിലാക്കപ്പെടണം. അവയില്‍ സംഭവിക്കുന്ന വീഴ്ച വിലയിരുത്തി നീതി ഉറപ്പുവരുത്താന്‍ സ്വതന്ത്രമായ കോടതികള്‍ വേണം. നിര്‍മിത നിയമങ്ങളും കോടതി വിധികളും കീഴ്‌വഴക്കങ്ങളും ഭരണഘടനയും പൗരജീവതം മികച്ചതാക്കണം. വ്യക്തികള്‍ സ്വതന്ത്രരാവണം.

പാര്‍ലമെന്റ് മന്ദിരവും മന്ത്രി പുംഗവന്മാരുടെ വസതികളും കോടതി സമുച്ചയങ്ങളും ഭരണസിരാകേന്ദ്രങ്ങളും അതതിന്റെ ജോലികള്‍ നിര്‍വഹിക്കണം. അവ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെ വലിപ്പം അപ്രധാനമാണ്. അവിടെ എന്തു നടക്കുന്നുവെന്നതിലാണ് വേവലാതിപ്പെടേണ്ടത്. കൂറ്റന്‍ കെട്ടിടങ്ങള്‍ക്കകത്തും ജനാധിപത്യം ശ്വാസംമുട്ടി മരിച്ചു പോയേക്കാം. ചെറ്റക്കുടിലിലും ചിലപ്പോള്‍ ആല്‍മരത്തണലിലും ജനാധിപത്യം തഴച്ചു വളര്‍ന്നേക്കാം. മനുഷ്യനിര്‍മിതമായ ആലയങ്ങളില്‍ ദൈവം വാസം ചെയ്യുന്നില്ലെന്ന ബൈബിള്‍ വചനം പോലെ. ആഢംബരങ്ങളും അംബരചുംബികളും രാജകീയ പാരമ്പര്യത്തിന്റെ മുദ്രകളാണ്. ഇവിടെ എന്നേ അവയുടെ അന്ത്യം കുറിച്ചതാണ്. പ്രജകളുടെ ഭരണമാണിന്ന് നടക്കേണ്ടത്. അതിനാവശ്യമുള്ള സംവിധാനങ്ങളും ഇപ്പോഴിവിടെ ഉണ്ട്. ജനപ്രതിനിധികള്‍ രാജാക്കന്മാരെ പോലെ ആയാല്‍ ജനം എന്തുചെയ്യും? ജനം ഇവരെ തിരഞ്ഞെടുത്തത് പുത്തന്‍ രാജവാഴ്ചക്കുവേണ്ടിയല്ല. തങ്ങള്‍ എന്തിനാണ് വോട്ടുരേഖപ്പെടുത്തുന്നതെന്നും പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതെന്നും ചിലപ്പോള്‍ വോട്ടര്‍മാര്‍ക്കറിയില്ലായിരിക്കാം. നാടുഭരിക്കുന്നവര്‍ അത് അറിയാതെ പോകരുത്. പുത്തന്‍ ജനപ്രതിനിധി സഭാ മന്ദിരത്തിന്റെ ഉച്ചിയില്‍ സ്ഥാപിച്ച അശോകസ്തംഭം പൂജചെയ്തുകൊണ്ട് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു.

അശോക ചക്രവര്‍ത്തിയുടെ സ്തംഭത്തിലെ ശാന്തരായ സിംഹങ്ങള്‍ക്ക് രൗദ്രഭാവം കൈവന്നിരിക്കുന്നു. കലിംഗ യുദ്ധക്കളത്തിലെ രോദനങ്ങള്‍ കേട്ടും ചത്തുവലച്ചു കിടക്കുന്ന കബന്ധങ്ങള്‍ക്കിടയിലൂടെ നടന്നും ചങ്കുപൊട്ടിയ ചക്രവര്‍ത്തി അഹിംസയുടെ ശ്രീബുദ്ധനെ സ്വീകരിച്ചതിനാലാണ് പ്രതീകാത്മകമായി ശാന്ത സ്വഭാവം സിംഹങ്ങള്‍ക്കും കൈവന്നത്. സാരാനാഥിലെ സ്തൂപത്തില്‍നിന്ന് ദേശീയ പ്രതീകമായി കടമെടുത്ത സ്തംഭവും ഇരുപത്തിനാല് ആരക്കാലുകളുള്ള ചക്രവും പുതിയ കെട്ടിടത്തില്‍ പുതിയ രൂപത്തിലായെന്ന് പരാതിയുണ്ട്. കീഴ്ഭാഗത്ത് കൊത്തിവെച്ചിരുന്ന ‘സത്യമേവ ജയതേ’ എന്ന മുദ്രാവാക്യം പുതിയ സ്തംഭത്തില്‍ നിന്നും പാടെ പടിയിറങ്ങിയിരിക്കുന്നു. സത്യം മാത്രമെ ജയിക്കുകയുള്ളൂവെന്ന് അര്‍ഥം വരുന്ന ദേവനാഗരി ലിപിയിലുള്ള മന്ത്രമെന്തിന് നീക്കി? അതും മുണ്ഡകോപനിഷത്തില്‍ നിന്നും കടമെടുത്തതായിട്ട് പോലും ഈ ദുര്‍വിധി എവ്വിധമുണ്ടായി. അസത്യവും ചിലപ്പോള്‍ ജയിച്ചേക്കാമെന്നതു കൊണ്ടാണോ..?

ഇതൊന്നും ചോദ്യം ചെയ്യാന്‍ ആരുമില്ലാതായിരിക്കുന്നു. ആദ്യരാജാവ് പണിതീര്‍ത്തതെല്ലാം മാറ്റിപ്പണിതതില്‍ രോഷം കൊള്ളുന്ന ദേശീയ ഭരണക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതും അതേപണി തന്നെയാണ്. അശോകനെ അവര്‍ തിരുത്തുന്നു. ബുദ്ധനെ തിരുത്തുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒരു കാര്യത്തിലും യോജിച്ചു നില്‍ക്കാത്തത് ഏകാധിപത്യശക്തികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയെ അനാഥമാക്കി ഏതാനും കക്ഷികള്‍ അപ്പുറത്തു പോയിരിക്കുന്നു. ഈ അനൈക്യം സംസ്ഥാനങ്ങളിലും കാണപ്പെടുന്നു.

കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറുടെ ഏകാധിപത്യമാണെന്ന് സി.പി.എം യൂണിയനുകള്‍ പരാതിപ്പെടുന്നു. സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് സര്‍വകലാശാലയുള്ളത്. അതിനാല്‍ സി.പി.എം കൈവശം വെച്ചിട്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് ഈ സര്‍വകലാശാലയുടെ ഭരണം കൊണ്ടുവരാന്‍ നീക്കം നടക്കുന്നു. ഏകാധിപത്യം അവസാനിപ്പിക്കാനും പരിപൂര്‍ണ ജനാധിപത്യം പുനസ്ഥാപിക്കാനും ഉദ്ദേശിച്ചാണ് ഇതു ചെയ്യുന്നതെന്ന് ആരും കരുതുകയില്ലല്ലോ. കൂടുതല്‍ കരുത്തരായ മറ്റൊരു ഏകാധിപതിയുടെ കീഴിലേക്ക് അതിനെ മാറ്റുകയെന്നതാണ് ലക്ഷ്യം. സി.പി.ഐക്കാര്‍ അത്യാവശ്യം ഏകാധിപത്യം നടപ്പിലാക്കണമെന്ന് ആഗ്രഹിച്ചാല്‍ പോലും അതിന് പറ്റിയ ഇടങ്ങള്‍ പരിമിതമാണ്. ആകെയുള്ളതും ഇത്തരം ചില ചെറിയ താവളങ്ങളാണ്.

കേരളത്തില്‍ പിണറായിയുടെ ഏകാധിപത്യത്തിനെതിരെ സി.പി.ഐ പോലും പരസ്യമായി ചിലപ്പോള്‍ എതിര്‍പ്പു പങ്കുവെക്കുന്നു. രഹസ്യമായി അവരുമങ്ങിനെ കരുതുന്നു. സി.പി.എമ്മിനെയും ഭരണത്തെയും ഒരുപോലെ നിയന്ത്രിക്കുന്നതും താനാണെന്ന് മുഖ്യമന്ത്രിക്കുമറിയാം. സംസ്ഥാന തലത്തിലെ ഏകാധിപത്യത്തെകുറിച്ച് പരാതിയുള്ളവര്‍ കേന്ദ്രത്തില്‍ മോദിയുടെ ഏകാധിപത്യത്തെ ചെറുക്കുന്നത് അവരാണെന്ന് വീമ്പു പറയുന്നു. ഫലത്തില്‍ കേന്ദ്ര സംസ്ഥാന ഭരണ നേതൃത്വങ്ങള്‍ ഇവിടെ ഒരുമിച്ചുനില്‍ക്കുന്നു. ഓരോ പാര്‍ട്ടിയും ഇതര പാര്‍ട്ടികളുടെ ജനാധിപത്യ വിരുദ്ധതയെ ചോദ്യംചെയ്യുന്നു. വിധിയില്‍ വിശ്വസിക്കാത്ത സഖാക്കള്‍ കെ.കെ രമയുടെ വൈധവ്യം വിധിയായി വ്യാഖ്യാനിക്കുന്നു. മണിയുടെ പരാമര്‍ശങ്ങളെ പാര്‍ട്ടിക്കാരും മുഖ്യമന്ത്രിയും ന്യായീകരിക്കുന്നു. അദ്ദേഹം അതു പിന്‍വലിക്കുകയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രമ തന്നെ പറഞ്ഞതാണ് ശരി. പിന്‍വലിക്കാതിരിക്കലാണ് ആ പാര്‍ട്ടിയുടെ നയം കൂടുതല്‍ വ്യക്തമാവാന്‍ നല്ലത്. വാനര വസൂരിപോലെയുള്ള ഏത് രോഗവും കേരളത്തിലാണ് ആദ്യം വരികയെന്നതു പോലെ ഇതിനെ കണ്ടാല്‍ മതി. ആശങ്ക വേണ്ട, ജാഗ്രത മതിയെന്നാണല്ലോ നമ്മുടെ മുദ്രാവാക്യം.

കേരളത്തിലെ പിണറായി സര്‍ക്കാറിനെതിരെ ഉയര്‍ന്നുവന്ന്‌കൊണ്ടിരിക്കുന്ന അവസാനമില്ലാത്ത ആരോപണങ്ങളെ മറിക്കടക്കാനും വിസ്മൃതിയില്‍ ലയിപ്പിക്കാനും ബോധപൂര്‍വം സി.പി.എം കേന്ദ്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളില്‍ ഒന്നു തന്നെയാണ് മണിയുടെ വിധി പ്രഖ്യാപനവും. എ.കെ.ജി സെന്ററിലെ പടക്കമേറും, സജി ചെറിയാന്റെ ഭരണഘടന ധ്വംസനവും, രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടത്തിയ അക്രമങ്ങളും അതേ ലക്ഷ്യത്തോടെയായിരുന്നു.

പാര്‍ലമെന്റിനകത്ത് കേന്ദ്രസര്‍ക്കാറിനെ ഭയപ്പെടുത്തുന്ന അറുപത്തഞ്ചു വാക്കുകള്‍ നിരോധിച്ചുവെങ്കിലും അതുകൊണ്ട് മാത്രം ആ സര്‍ക്കാര്‍ രക്ഷപ്പെടുമെന്ന് കരുതുന്നത്‌പോലെ മൗഢ്യമാണ് കേരള സര്‍ക്കാറിനെ രക്ഷിക്കാന്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങളും.
പുത്തന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ അശോകസ്തംഭത്തിന്റെ താഴ്ഭാഗത്തു നിന്ന് അടര്‍ത്തി മാറ്റിയ വാക്കുകള്‍ എക്കാലത്തെയും മൂല്യവത്തായ പദങ്ങള്‍ കൊണ്ടുതീര്‍ത്ത ദേശീയ മന്ത്രമായിരുന്നു. ആ വരികളുടെ അഭാവം സൃഷ്ടിച്ച ശൂന്യത ഏറെ വലുതാണ്. സത്യം മാത്രമേ ജയിക്കുകയുള്ളൂ എന്ന ധ്വനികള്‍ ഇനിയും നമുക്ക് പ്രത്യാശ നല്‍കാന്‍ പര്യാപ്തമാണ്. മരണമില്ലാത്ത വചനങ്ങള്‍ കല്ലില്‍ നിന്നു മാത്രമേ നീങ്ങിപ്പോയുള്ളൂ. മനസിന്റെ ചുമരുകളില്‍ അതു പണ്ടേ എഴുതിവെക്കപ്പെട്ടതാണ്. കേന്ദ്രമോ സംസ്ഥാനമോ മാത്രമല്ല, ലോകത്തെവിടെയും ഭരിക്കുന്ന ചക്രവര്‍ത്തിവരെ അത് കിടിലം കൊള്ളിച്ച് കൊണ്ടിരിക്കും. ഈ ദുനിയാവുള്ള കാലത്തോളം.

Chandrika Web: