ആരോഗ്യത്തോടെ ജീവിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ്. ഭരണഘടനയുടെ ഹൃദയം എന്ന് പറയാവുന്ന 21ാം വകുപ്പനുസരിച്ച് പൗരാവകാശമാണിത്. രാജ്യത്തെ പരമോന്നത കോടതി ഇത് പലവട്ടം വ്യക്തമാക്കിയതുമാണ്. സൗജന്യമായോ മിതമായ നിരക്കിലോ ചികിത്സ കിട്ടുകയെന്നതും ഈ പൗരാവകാശത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ സര്‍ക്കാര്‍ വരുത്തിവെച്ച ദുരിതത്തില്‍ ഇന്നും സംസ്ഥാനത്തെ ഒരു വിഭാഗം ജനത കഷ്ടപ്പെടുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളാണ് സര്‍ക്കാറിന്റെ അവഗണനയില്‍ ദുരിത ജീവിതം നയിക്കുന്നത്. ദുരിതത്തിനിരയായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഏതെങ്കിലും ഒന്നില്‍ വിദഗ്ധ ചികിത്സാസൗകര്യമൊരുക്കുക, ഇരകളായ മുഴുവന്‍ ആളുകളെയും കണ്ടെത്തുന്നതിനായി പുതിയ മെഡിക്കല്‍ ക്യാമ്പ് നടത്തുക, കാസര്‍കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് നഗര പ്രദേശങ്ങളില്‍ പുനരധിവാസ കേന്ദ്രം പകല്‍ വീടുകള്‍ ആരംഭിക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പെടുത്തുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍കോടിനെകൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ ദുരിത ജീവിതത്തെക്കുറിച്ച് പല തവണ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴും മുഖം തിരിച്ചുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. നിരന്തര സമരങ്ങളിലൂടെ നേടിയെടുത്ത തുഛമായ അവകാശങ്ങള്‍ പോലും പ്രായോഗികമായി ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ചികിത്സയ്ക്ക് വേണ്ടി സമരം ചെയ്യേണ്ടിവരുന്നത് നാണക്കേടാണ്. ദുരിത ബാധിതര്‍ക്ക് കടലാസില്‍ എല്ലാ ചികിത്സാസൗകര്യങ്ങളുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 16 ആശുപത്രികളില്‍ സൗജന്യ ചികിത്സ, മാസം തോറും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വീടുകളില്‍ ചെന്ന് നടത്തുന്ന പരിശോധന എല്ലാമുണ്ട്. സര്‍ക്കാറിന്റെ പി.ആര്‍ വര്‍ക്കിലും ഇതെല്ലാം കാണാം. എന്നാല്‍ ആവശ്യമായ ചികിത്സക്ക് സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രികളും കയറിയിറങ്ങി അപമാനിതരാകുന്ന അവസ്ഥയിലാണ് ഇന്ന് ദുരിതബാധിതര്‍. ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ വിക്ടിം റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളായി. മന്ത്രി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സെല്‍ പുനസ്സംഘടിപ്പിട്ടില്ല. പരാതികളും പരിഭവങ്ങളും പറയാനിടമില്ലാതെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരകള്‍കൂടിയായി മാറിയിരിക്കുകയാണ് ദുരിത ബാധിതര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദുരിത ബാധിതരെ കണ്ടെത്താനായി മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. കാസര്‍കോട് ജില്ലയില്‍ മാത്രം മുപ്പതിനായിരത്തോളം ഇരകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ ഇതില്‍ പകുതി പേര്‍ക്കും യാതൊരു സഹായവും ലഭിക്കുന്നില്ല. പുതിയ ഇരകളെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയേ മതിയാകൂ. പക്ഷേ സര്‍ക്കാര്‍ അതിന് തയാറാകുന്നില്ല. രണ്ടായിരത്തോളം പേര്‍ ഇതിനകം മരിച്ചുപോയി. സാമൂഹിക സുരക്ഷാ മിഷനു കീഴില്‍ സ്‌നേഹ സാന്ത്വനം പദ്ധതിയില്‍ വിവിധ വിഭാഗങ്ങളിലായി 1200 രൂപ മുതല്‍ 2200 രൂപ വരെയാണു സഹായധനമായി നല്‍കുന്നത്. ഇതുതന്നെ പലര്‍ക്കും നിഷേധിക്കപ്പെടുകയാണ്. കിട്ടുന്നവര്‍ക്കുതന്നെ കൃത്യമായി കിട്ടാത്ത സാഹചര്യവുമുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇത് അനുഭവിച്ചതാണ്. ദുരിതബാധിതര്‍ സമരത്തിനൊരുങ്ങിയപ്പോഴാണ് ഉത്രാടത്തിന്റെ തലേന്നു മന്ത്രി ഫണ്ട് അനുവദിച്ച് ഉത്തരവിറക്കിയത്. കുറച്ചുപേര്‍ക്ക് 6നു രാത്രി 10.30നു പണം കിട്ടി. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് ഓണം കഴിഞ്ഞിട്ടും കിട്ടിയില്ല. വീടില്ലാത്ത ദുരിത ബാധിതര്‍ വീട്ടു വാടക പോലും കൊടുക്കാന്‍ ഗതിയില്ലാതെ അലയുമ്പോഴും സന്നദ്ധ സംഘടന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 62 ഓളം വീടുകള്‍ മൂന്ന് വര്‍ഷമായി കാടുമൂടിക്കിടക്കുകയാണ്. അത് പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല. ദുരിതബാധിതരുടെ കടം എഴുതിത്തള്ളുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതില്‍ 1500 ആളുകളുടെ അപേക്ഷ സാങ്കേതിക കാരണത്താല്‍ തള്ളിപ്പോയിരുന്നു. കടം എഴുതിത്തള്ളുമെന്നതിനാല്‍ ഇവര്‍ വായ്പ തിരിച്ചടച്ചിരുന്നില്ല. എന്നാല്‍ ഇവരിപ്പോള്‍ ജപ്തി ഭീഷണിയിലാണ്.
കാസര്‍കോട്ട് വേണ്ടത്ര ചികിത്സാസൗകര്യമില്ലാത്ത അവസ്ഥയാണ് നിലവില്‍. ഉക്കിനടുക്ക എന്ന വിദൂര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഒരു സൗകര്യവുമില്ല. പരിശോധന നടത്തണമെങ്കില്‍ 100 കിലോ മീറ്ററിലധികം ദൂരമുള്ള കണ്ണൂര്‍ ജില്ലയിലെ പരിയാരം മെഡിക്കല്‍ കോളജിലെത്തണം. എന്‍ഡോസള്‍ഫാന്‍ ഇരകളെ ഇനിയെങ്കിലും സര്‍ക്കാര്‍ ഗൗനിക്കണം. ഇനിയുമൊരു സമരത്തിലേക്ക് അവരെ വലിച്ചിഴയ്ക്കരുത്.