ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കു നേരെയുള്ള യുഎസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് ശിവസേന. രാഹുലിനെ കുറിച്ചുള്ള ഒബാമയുടെ നിരീക്ഷണം ശരിയല്ലെന്നും അതു ദുരന്തപൂര്‍ണമാണെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
‘ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ കുറിച്ച് ഒരു വിദേശരാഷ്ട്രീയക്കാരന്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്. അത് ദുരന്തമാണ്. ട്രംപ് ഭ്രാന്തനാണ് എന്ന് നമ്മളും പറയരുത്. ഈ രാജ്യത്തെ കുറിച്ച് ഒബാമയ്ക്ക് എന്തറിയാം’ – അദ്ദേഹം ചോദിച്ചു.
അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ എന്നാണ് ഒബാമ തന്റെ ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുള്ളത്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡണ്ട് വളാദിമിര്‍ പുടിന്‍ എന്നിവരെ കുറിച്ചെല്ലാം എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തില്‍ ഒബാമ ഓര്‍ക്കുന്നുണ്ട്.
‘അചഞ്ചലനായ സത്യസന്ധന്‍’ എന്നാണ് മന്‍മോഹന്‍ സിങിനെ ഒബാമ വിശേഷിപ്പിക്കുന്നത്. മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്‌സും സമാന വിശേഷണത്തിന് അര്‍ഹനാണെന്ന് അദ്ദേഹം പറയുന്നു. നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡനെ കുറിച്ച് അദ്ദേഹം നിരീക്ഷിക്കുന്നത് ഇങ്ങനെ; ‘മാന്യന്‍. പ്രതീക്ഷിച്ചത് കിട്ടിയില്ല എങ്കില്‍ മുഷിഞ്ഞേക്കാം’.
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് ഓര്‍മപ്പുസ്തകത്തിന്റെ പ്രസാധകര്‍. ഈയിടെ ന്യൂയോര്‍ക്ക് ടൈംസില്‍ ചിമമന്ദ എന്‍ഗോസി അദിച്ചി അതിന്റെ റിവ്യൂ എഴുതിയിരുന്നു. രണ്ടു വോള്യങ്ങളില്‍ ആയാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ആദ്യത്തേത് നവംബര്‍ 17ന് പ്രകാശിതമാകും.