കോഴിക്കോട്: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്ന മോറിസ് കോയിന്‍ അടക്കമുള്ള പോണ്‍സി സ്‌കീമുകള്‍ നാട്ടില്‍ സര്‍വസാധാരണമായി വരികയാണ്. ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിച്ച് ദിവസേന അല്ലെങ്കില്‍ മാസത്തില്‍ നിശ്ചിത വരുമാനം (റിട്ടേണ്‍ ഓഫ് ഇന്‍വസ്റ്റ്‌മെന്റ്-ആര്‍.ഒ.ഐ) വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതികളില്‍ നിരവധി പേരാണ് പണം നിക്ഷേപിക്കുന്നത്.
മോറിസ് കോയിനിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന്റെ പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ഒമ്പതു മാസത്തിനിടെ എത്തിയത് അഞ്ഞൂറു കോടിയുടെ നിക്ഷേപമാണ്. ഇത്രയും ചെറിയ കാലയളവില്‍ ഇത്ര കൂടുതല്‍ പണം എത്തിയതു മാത്രം മതി നിക്ഷേപകര്‍ക്കിടയില്‍ ഇതിന്റെ സ്വാധീനം മനസ്സിലാക്കാന്‍. അനധികൃതമായി നിക്ഷേപം സ്വീകരിച്ച കേസ് നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റിനും റിസര്‍വ് ബാങ്കിനും മുമ്പിലാണ്.
15000 രൂപ നിക്ഷേപിച്ചാല്‍ ദിനം പ്രതി 270 രൂപ റിട്ടേണായി നല്‍കാമെന്നാണ് നിക്ഷേപകര്‍ക്കു മുമ്പില്‍ വാഗ്ദാനമായി വയ്ക്കുന്നത്. ഒരു കോയിന് 1500 രൂപ പ്രകാരം 15000 രൂപയ്ക്ക് 15 കോയിനാണ് വാങ്ങേണ്ടത്. ഇങ്ങനെ 300 ദിവസം കൊണ്ട് 81,000 രൂപ തിരിച്ചുനല്‍കാമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. അതിനു ശേഷം മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് വഴി വില്‍ക്കുകയോ വിനിമയം നടത്തുകയോ ചെയ്യാമെന്നും ഇവര്‍ പറയുന്നു. ലാഭവിഹിതം തിരിച്ചു നല്‍കുന്നത് ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്. രണ്ടാഴ്ചയോളമായി നിക്ഷേപകര്‍ക്ക് ആര്‍.ഒ.ഐ ലഭിച്ചിട്ട്. നാട്ടിലും വിദേശത്തുമായി ലക്ഷങ്ങള്‍ നിക്ഷേപിച്ചവരാണ് ഇതില്‍ വെട്ടിലായത്.
പോണ്‍സി സ്‌കീം തന്നെ
നഷ്ട സാധ്യതയില്ലാതെ വന്‍ നിക്ഷേപ വളര്‍ച്ചയോ വരുമാനമോ വാഗ്ദാനം ചെയ്യുന്നതാണ് പോണ്‍സി സ്‌കീമുകള്‍. സാമാന്യ യുക്തിക്ക് നിരക്കാത്ത ആശയങ്ങള്‍, ഇടനിലക്കാര്‍ക്ക് ഉയര്‍ന്ന വേതനം, ഔദ്യോഗിക റെഗുലേറ്ററി സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാത്ത കമ്പനി എന്നിവയാണ് ഇത്തരം സ്‌കീമുകളുടെ ലക്ഷണങ്ങള്‍. തുടക്കത്തില്‍ വലിയ വരുമാനം കിട്ടി പിന്നീട് സ്ഥാപനം തന്നെ അപ്രത്യക്ഷമാകുന്നു എന്നതാണ് ഇതിന്റെ അനുഭവങ്ങള്‍.
മാനഹാനി മൂലമോ, ഭയം മൂലമോ ആളുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കാറില്ല. ഇതു തന്നെയാണ് പോണ്‍സി സ്‌കീമുകള്‍ അവതരിപ്പിക്കുന്നവര്‍ക്കുള്ള ധൈര്യവും. 2019ല്‍ പോണ്‍സി സ്‌കീമുകള്‍ സര്‍ക്കാര്‍ ദ ബാനിങ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട് പ്രകാരം നിരോധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇത്തരം കമ്പനികള്‍ നിക്ഷേപം സ്വീകരിക്കുന്നതും നടന്നതും നിയമവിരുദ്ധമാണ്.
തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാം
നിക്ഷേപം ആവശ്യപ്പെട്ട് സമീപിച്ച സ്ഥാപനം ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ തുടങ്ങിയ ഔദ്യോഗിക റെഗുലേറ്ററി ബോഡികളില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നു പരിശോധിക്കുക. നഷ്ടസാധ്യതയില്ലാത്ത ഒരു ബിസിനസും യാഥാര്‍ത്ഥ്യമല്ല എന്ന തിരിച്ചറിവാണ് മറ്റൊന്ന്. പോണ്‍സി സ്‌കീം പദ്ധതികള്‍ ഒരിക്കല്‍ പോലും യാഥാര്‍ഥ്യത്തിന് നിരക്കുന്നവയല്ല എന്ന് വ്യക്തം.
മറ്റൊരാള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്നത് ആ പദ്ധതിയില്‍ ചേരാനുള്ള മാനദണ്ഡമായി കണക്കാക്കരുത്. പലപ്പോഴും പദ്ധതിയില്‍ വീഴ്ത്താനുള്ള ഇടനിലക്കാരുടെ തന്ത്രം മാത്രമാണത്. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന നിക്ഷേപ പദ്ധതികളെ കുറിച്ച് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ധാരണയുള്ളവരുമായി സംസാരിച്ച് മനസ്സിലാക്കുക.