പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപിഷേനെയും വെട്ടിക്കൊന്ന കേസില്‍ നിയമ പോരാട്ടത്തിനായി സി.പി.എം നടത്തുന്ന പണപ്പിരിവിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
500 രൂപ വീതം നല്‍കി അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ പാപക്കറ സ്വന്തം കൈകളില്‍ പുരട്ടുവാന്‍ എത്ര സി.പി.എം അംഗങ്ങള്‍ തയ്യാറാവുമെന്ന് അദ്ദേഹം ചോദിച്ചു. ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രമുണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ബല്‍റാം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അഞ്ഞൂറ് രൂപ വീതം നൽകി അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ പാപക്കറ സ്വന്തം കൈകളിൽ പുരട്ടുവാൻ എത്ര സിപിഐഎം അംഗങ്ങൾ തയ്യാറാവും?
ഭീകരവാദികളെ പരസ്യമായി പിന്തുണക്കുന്നവരുടെ എണ്ണം എത്രമാത്രമുണ്ടെന്ന് കേരളം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
……..
അതേസമയം പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സ്‌പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് സി.പി.എം പണം പിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ഓരോ അംഗവും ഈ ഫണ്ടിലേക്ക് 500 രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം. ഈ മാസം ഫണ്ട് പിരിവ് പൂര്‍ത്തിയാക്കും. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലും മറ്റുസ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലിയുള്ളവര്‍ ഒരു ദിവസത്തെ വേതനം നല്‍കണം. രണ്ട് കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 28,000ത്തിലേറെ അംഗങ്ങളാണ് ജില്ലയില്‍ പാര്‍ട്ടിക്കുള്ളത്.
കേസില്‍ അഞ്ചുവര്‍ഷത്തെ തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ച 20ാം പ്രതി ഉദുമ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, 14ാം പ്രതി കെ. മണികണ്ഠന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്‌കരന്‍ അടക്കമുള്ളവര്‍ക്കായി നിയമ പോരാട്ടം നടത്താനാണ് സ്‌പെഷ്യല്‍ ഫണ്ട് പിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ 10 പേര്‍ക്ക് സി.?ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാല്‍ (24) എന്നിവരെ സി.പി.എം പ്രവര്‍ത്തകരടക്കമുള്ള പ്രതികള്‍ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളില്‍ 10 പേരെ തെളിവുകളുടെ അഭാവത്തില്‍ ഡിസംബര്‍ 28ന് കോടതി വെറുതെ വിട്ടിരുന്നു.
രണ്ടാംപ്രതി സജി സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിച്ചെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റം തെളിഞ്ഞെന്ന് കണ്ടെത്തിയാണ് നാലുപേര്‍ക്ക്കൊച്ചിയിലെ സി.ബി.ഐ സ്പെഷല്‍ കോടതി അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചത്. പിന്നീട് ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ശിക്ഷമരവിപ്പിക്കുയും ഇവര്‍ ജയില്‍ മോചിതരാവുകയും ചെയ്തു.