X

ആനവണ്ടിയെ എത്രകാലം ഉന്തണം- എഡിറ്റോറിയല്‍

ഈജിയന്‍ തൊഴുത്തുപോലെ അടിമുടി ശുദ്ധീകരണം അനിവാര്യമായ പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മാലിന്യങ്ങള്‍ കുന്നുകൂടി കേരളത്തിന്റെ നാറ്റക്കേസായി കോര്‍പറേഷന്‍ മാറിയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുന്നതിന് ഹെര്‍ക്കുലീസിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇടഞ്ഞുനില്‍ക്കുന്ന ആനവണ്ടിയെ നേരെ നടത്താന്‍ പാപ്പാന്‍മാര്‍ പലരും വന്നെങ്കിലും നാളിതുവരെ ആര്‍ക്കും തളക്കാന്‍ സാധിച്ചിട്ടില്ല. ചില ഘട്ടങ്ങളില്‍ സര്‍ക്കാറിനെ കൂട്ടുപിടിച്ച് ചിലര്‍ അതിന് സമ്മതിച്ചില്ലെന്ന് ചേര്‍ത്ത് പറയുന്നതായിരിക്കും കൂടുതല്‍ ശരി. തട്ടിയും മുട്ടിയും മോങ്ങിയും മൂളിയും മുന്നോട്ടുപോയിരുന്ന വണ്ടി ഇനിയൊരു യാത്രക്ക് ആവതില്ലാതെ തളര്‍ന്നിരിക്കുകയാണ്. അല്ലലും അലട്ടലും പുറത്തറിയിക്കാതെ ഉള്ളിലൊതുക്കിയിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ കോര്‍പറേഷന്റെ നഷ്ടക്കണക്കുകള്‍ അങ്ങാടിപ്പാട്ടാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ശമ്പളമില്ലാതെ പട്ടിണി കിടക്കേണ്ട അവസ്ഥ എത്തിയിരിക്കുന്നു. കടം വാങ്ങാനുള്ള വഴികള്‍ പോലും അടഞ്ഞിരിക്കുന്നുവെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മൂര്‍ച്ഛിച്ചു തുടങ്ങിയ പരാധീനത രണ്ടാം ഘട്ടത്തില്‍ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു.

എല്ലാം കൈവിട്ടുപോയെന്ന് ബോധ്യമുണ്ടായിട്ടും തല തിരിഞ്ഞാണ് സര്‍ക്കാറിന്റെ പോക്ക്. ശമ്പളം ചോദിച്ച് ജീവനക്കാര്‍ പുറത്ത് സമരം ചെയ്യുമ്പോള്‍ കോടികള്‍ കടമെടുത്ത് പുതിയ 700 സി.എന്‍.ജി ബസുകള്‍ വാങ്ങാനാണ് സര്‍ക്കാറിന്റെ തീരുമാനം. കടത്തില്‍ മുങ്ങിത്താഴുന്ന ഒരു സ്ഥാപനത്തിന്റെ തലയിലേക്കാണ് അധിക ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ശമ്പള വിഷയം ചര്‍ച്ചയായതു പോലുമില്ല. പകരം ധൃതിപ്പെട്ട് കിഫ്ബിയില്‍നിന്ന് നാല് ശതമാനം പലിശക്ക് 455 കോടി കടമെടുത്ത് ബസുകള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ശമ്പള വിതരണം ഇന്നുണ്ടാകുമെന്നാണ് ഏറ്റവുമൊടുവില്‍ മന്ത്രി അറിയിച്ചിരുന്നത്. നിരുത്തരവാദപരമായ നീക്കങ്ങളാണ് കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നിട്ടും സര്‍ക്കാര്‍ അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണ്. നിവിലുള്ള ബസുകള്‍ ഓടിക്കിട്ടുന്നത് കോടികളുടെ നഷ്ടമാണെന്ന് കണക്കുകള്‍ നിരത്തി സര്‍ക്കാര്‍ പറയുന്നു. വരുമാന ദായകമായ സ്ഥാപനമാണ് കെ.എസ്.ആര്‍.സിടി. സ്വയം പര്യാപ്തമാകുക മാത്രമാണ് അതിന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. അത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യം കോര്‍പറേഷന്‍ ഉണ്ടായ കാലം മുതല്‍ കേട്ടു തുടങ്ങിയിട്ടുമുണ്ട്. അതേക്കുറിച്ച് പഠനങ്ങളും ആലോചനകളും നിരവധി നടക്കുകയും ചെയ്തു. പക്ഷേ, പൊതുഖജനാവിലെ പണം തിന്നുമുടിച്ചതല്ലാതെ ഗുണമൊന്നുമുണ്ടായില്ല. ലക്ഷങ്ങള്‍ മുടക്കി തയാറാക്കിയ പഠന റിപ്പോര്‍ട്ടുകളെല്ലാം പൊടി പിടിച്ചുകിടക്കുകയാണ്. അതില്‍ ഒരു നിര്‍ദ്ദേശം പോലും ഫലപ്രദമായി നടപ്പാക്കിയതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല.

ഒരു തല്ലിപ്പൊളി സ്ഥാപനത്തിന്റെ ലക്ഷണങ്ങളെല്ലാം കെ.എസ്.ആര്‍.ടി.സിക്കുണ്ട്. നടത്തിപ്പ് വഴി ലാഭമുണ്ടാക്കാതെ ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. കോര്‍പറേഷന്റെ സ്ഥിതിയും അതുതന്നെ. പഴയ കാലത്തേതില്‍നിന്ന് വ്യത്യസ്തമായി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാര്‍ കയറിത്തുടങ്ങിയിട്ടുമുണ്ട്. ജീവനക്കാരുടെ സമീപനങ്ങളിലും മാറ്റം പ്രകടമാണ്. പക്ഷേ, ദാരിദ്ര്യം മാറിയിട്ടില്ല. യൂണിയനുകള്‍ മുഷ്ടി ചുരുട്ടുമുമ്പോള്‍ പേടിച്ചോടുന്ന ഐ.എ.എസുകാരും ഐ.പി.എസുകാരും മാത്രം പോര കോര്‍പറേഷനെ നയിക്കാനെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള പ്രോഫഷണല്‍ മാനേജ്‌മെന്റ് അമരത്ത് വരാതെ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ വേണ്ട. അതോടൊപ്പം നിസ്വാര്‍ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ മേല്‍നോട്ടത്തിന് ഉണ്ടാവുകയും വേണം. സാധാരണക്കാരുടെ പ്രധാന ആശ്രയമായ പൊതുഗതാഗതത്തെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സജീവ ചര്‍ച്ചകള്‍ ഉണ്ടാവണം.

അഞ്ച് വര്‍ഷത്തെ ഭരണത്തിനിടക്ക് നാല് കാശുണ്ടാക്കാന്‍ നോക്കുകയല്ലാതെ കെ.എസ്.ആര്‍.ടി.സിയ രക്ഷിച്ചിട്ട് എന്തു കാര്യമെന്ന് ആലോചിക്കുന്ന സര്‍ക്കാറില്‍നിന്ന് കേരളം അധികമൊന്നും പ്രതീക്ഷിക്കുന്നില്ല. കോടികള്‍ മുടക്കി കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പൊതുജനത്തിന്റെ നെഞ്ചിലൂടെ കെ റെയില്‍ ഓടിക്കുന്നതിലാണ് സര്‍ക്കാറിന്റെ ശ്രദ്ധ. കെ.എസ്.ആര്‍.ടി.സിയെ പോലെ ജനങ്ങളുടെ ദൈനംദിന ആശ്രയമായ സംവിധാനങ്ങളെ അധികൃതര്‍ അവഗണിക്കുകയും ചെയ്യുന്നു. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ അധ്വാനമുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവെച്ച് ബുദ്ധിപരമായി ചിന്തിക്കുകയും വിയര്‍ക്കുകയും വേണം. ആലസ്യത്തിന്റെ ആലയില്‍നിന്ന് പുറത്തുകടക്കേണ്ടിവരും. അത്തരമൊരു കാലത്തിന് കാതോര്‍ത്ത് കെ.എസ്.ആര്‍.ടി.സിയെ കേരളം ഇനിയും എത്ര കാലം ഉന്തി നടക്കേണ്ടിവരുമെന്നതാണ് മറുപടി കിട്ടേണ്ട പ്രധാന ചോദ്യം.

Test User: