X

ചന്ദ്രനില്‍ കാലുകുത്താന്‍ ഇനിയെത്ര കാത്തിരിക്കണം

ന്യൂഡല്‍ഹി: രാത്രി നിലാവ് പൊഴിച്ച് ചിരിതൂകി നില്‍ക്കുന്ന ചന്ദ്രന്‍ എക്കാലവും മനുഷ്യന്റെ വിസ്മയമാണ്. ഇക്കാലത്തും അമ്പിളി മാമനെ ലോകം വിസ്മയത്തോടെ കണ്ടുനില്‍ക്കുന്നു. 1969 ജൂലൈ 21ന് മനുഷ്യനെ ചന്ദ്രനില്‍ ഇറക്കിയെന്ന് അമേരിക്ക അവകാശപ്പെട്ടതു മുതല്‍ ശാസ്ത്രത്തിന്റെ ബഹിരാകാശ ദൗത്യങ്ങള്‍ ആ വഴിക്കായി. 12 പേര്‍ ചന്ദ്രനില്‍ ഇറങ്ങിയെന്നും അവിടെ വണ്ടിയോടിച്ചെന്നും പരീക്ഷണങ്ങള്‍ നടത്തിയെന്നുമൊക്കെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പറയുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത ഒരു കാലത്താണ് അമേരിക്ക മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചത്. പിന്നീട് അമേരിക്ക ആ വഴിക്കുള്ള യാത്രകള്‍ അവസാനിപ്പിച്ചു. 1969ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ എത്തിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ അവിടെ കോളനി സ്ഥാപിക്കാന്‍ സമയമായില്ലേ എന്ന ചോദ്യം പ്രസക്തമാണെങ്കിലും ശാസ്ത്രത്തില്‍ അന്ധമായി വിശ്വസിക്കുന്നതുകൊണ്ട് ലോകം അതേക്കുറിച്ച് തര്‍ക്കത്തിന് നില്‍ക്കാറില്ല. 50 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാന്‍ നോക്കുമ്പോള്‍ അപ്പോളോ ദൗത്യത്തിന് ഉപയോഗിച്ച പഴയ സാങ്കേതികവിദ്യകളെല്ലാം നാസ മറന്നതുപോലെ തോന്നുന്നു.

2022 നവംബറില്‍ ആര്‍ട്ടെമിസ് 1 ദൗത്യത്തിലൂടെ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള പുതിയ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ബഹിരാകാശ യാത്രികര്‍ക്ക് ചന്ദ്രനിലേക്ക് യാത്ര ചെയ്യാനായി രൂപകല്‍പനചെയ്ത ഓറിയോണ്‍ പേടകത്തിന്റെയും സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയായിരുന്നു ആര്‍ട്ടെമിസ് 1 ദൗത്യത്തിലൂടെ അമേരിക്ക ചെയ്തത്. ചന്ദ്രനെ ചുറ്റി ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന 3000 ഡിഗ്രി സെല്‍ഷ്യസിന് അടുത്തുണ്ടാകുന്ന ചൂടിനെ അതിജീവിക്കാനുള്ള താപ കവചത്തിന്റെ ശേഷി പരിശോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. 2022 ഡിസംബര്‍ 11ന് പേടകം വിജയകരമായി ഭൂമിയില്‍ തിരിച്ചിറക്കിയെങ്കിലും അടുത്ത നവംബറില്‍ ഷെഡ്യൂള്‍ ചെയ്ത ആര്‍ട്ടെമിസ് 2 ദൗത്യത്തിലും മനുഷ്യനെ ഉള്‍പ്പെടുത്തുമെന്ന് നാസ അറിയിച്ചിട്ടുണ്ടെങ്കിലും ചന്ദ്രനില്‍ അവരെ ഇറക്കുമെന്ന് പറയാന്‍ ധൈര്യം വന്നിട്ടില്ല. ശാസ്ത്ര സാങ്കേതിക മേഖലയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളൊക്കെയും ഇപ്പോള്‍ ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ലോകത്തിന് പുതിയ പ്രതീക്ഷകള്‍ പകരുന്നു.

webdesk11: