ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരന്നു മെഹബൂബ മുഫ്തിയെ എത്ര കാലം തടങ്കലില്‍ പാര്‍പ്പിക്കുമെന്ന ചോദ്യവുമായി സുപ്രിം കോടതി. ജമ്മു കശ്മീര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മെഹ്ബൂബ മുഫ്തിയെ കര്‍ശനമായ പൊതുസുരക്ഷാ നിയമപ്രകാരം (പിഎസ്എ) തടങ്കലില്‍ വെക്കുന്നതിനെ ചോദ്യം ചെയ്ത് മകള്‍ ഇല്‍തിജയ്ക്കും അമ്മാവനും സമര്‍പ്പിച്ച ഹരജിയില്‍ പ്രതികരിക്കുകയായിരുന്നു കോടതി.
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി ഒരു വര്‍ഷത്തിലേറെയായി തടങ്കലിലാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ തലേന്നാണ് മുന്‍മുഖ്യമന്ത്രി അറസ്റ്റിലായത്.
ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി, മുഫ്തിയുടെ തടങ്കല്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നും വിഷയത്തില്‍ ജമ്മു കശ്മീര്‍ ഭരണകൂടം നിലപാട് അറിയിക്കണമെന്നും ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു. ഇതിനായി രണ്ടാഴ്ചത്തെ സമയം അനുവദിക്കുന്നതായും അറിയിച്ചു. മകള്‍ ഇല്‍തിജയ്ക്കും അമ്മാവനും മെഹബൂബ മുഫ്തിയെ തടങ്കലില്‍ വച്ച് സന്ദര്‍ശിക്കാനും കോടതി അനുമതി നല്‍കി.
മുഫ്തിയുടെ തടങ്കല്‍ സംബന്ധിച്ച് ജമ്മു കശ്മീര്‍ ഭരണകൂടത്തിന് എന്താണ് മുന്നോട്ട് വയ്ക്കാനുള്ളതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. മിസ് മുഫ്തിയെ എത്ര കാലം കസ്റ്റഡിയില്‍ സൂക്ഷിക്കാനാവുമെന്നും കോടതി, കേന്ദ്രം ഭരണ മേഖലയായ കശ്മീര്‍ ഭരണകൂടത്തോട് ചോദിച്ചു. നേരത്തെ, ജൂലൈയില്‍ പൊതു സുരക്ഷാ നിയമപ്രകാരം മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.
അതേസമയം, കേസില്‍ ഒരു നിരീക്ഷണവും നടത്തരുതെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജഡ്ജിമാരോട് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് അക്രമത്തിന്റെ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.