ബംഗളൂരു: ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കി കര്‍ണാടകയില്‍ ബി.ജെ.പി വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടം വഴി അധികാരം പിടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് ഇതിനുള്ള ഓപ്പറേഷനുകള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
15ഓളം ജെ.ഡി.എസ്, കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ. പി രഹസ്യമായി മഹാരാഷ്ട്രയില്‍ എത്തിച്ചതായാണ് വിവരം. ഇന്നലെ മൂന്ന് എം.എല്‍.എമാര്‍ കൂടി ബംഗളൂരു വിട്ടതായാണ് റിപ്പോര്‍ട്ട്. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച സ്വതന്ത്രനുമാണ് നഗരം വിട്ടത്. ചെന്നൈയിലേക്ക് തിരിച്ച ഇവര്‍ ഇന്ന് ഇവിടെനിന്ന് മുംബൈയിലേക്ക് നീങ്ങുമെന്നാണ് വിവരം. എന്നാല്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതൃത്വവുമായി വില പേശി മന്ത്രി സ്ഥാനം ഉള്‍പ്പെടെ നേടിയെടുക്കുന്നതിനാണ് എം.എല്‍.എമാര്‍ കര്‍ണാടകയില്‍നിന്ന് വിട്ടു നില്‍ക്കുന്നതെന്ന അഭ്യൂഹവും ശക്തമാണ്. ഹോസ്‌പേട്ട് എം.എല്‍.എ എം.ടി.ബി നാഗരാജ്, ചിക്ബല്ലാപൂര്‍ എം.എല്‍.എ കെ സുധാകര്‍, മുല്‍ബാഗല്‍ എം.എല്‍.എ എച്ച് നാഗേഷ് (സ്വതന്ത്രന്‍) എന്നിവരാണ് ഇന്നലെ ചെന്നൈയിലേക്ക് തിരിച്ചത്. ഇവരെ കൂടാതെ 10 എം.എല്‍.എമാര്‍ വേറെയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ തങ്ങുന്നുണ്ടെന്നാണ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല.
എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി തന്ത്രങ്ങള്‍ മെനയുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ഗവര്‍ണറെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവട നീക്കങ്ങള്‍ സുപ്രീംകോടതി ഇടപെടലില്‍ പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും സഭയില്‍ വിശ്വാസം തെളിയിക്കുകയും ചെയ്തു. എന്നാല്‍ ആറ് മാസം പിന്നിട്ടതോടെ ബി.ജെ.പി വീണ്ടും സര്‍ക്കാറിനെ വീഴ്ത്താന്‍ കുതിരക്കച്ചവടത്തിനിറങ്ങുന്നതിന്റെ സൂചനയായാണ് പുതിയ നീക്കങ്ങളെ വിലയിരുത്തുന്നത്.