X

ഇസ്രാഈലിന് കൊല്ലാന്‍ പല വഴികള്‍; ഞെട്ടിക്കുന്ന വിവരങ്ങളുമായി പുസ്തകം

ടെല്‍അവീവ്: ലോകത്തെ ഏറ്റവും വലിയ ഭീകരചാരസംഘടനയാണ് ഇസ്രാഈലിന്റെ മൊസാദും അനുബന്ധ ഏജന്‍സികളുമെന്ന് തെളിയിക്കുന്ന രഹസ്യ വിവരങ്ങളുമായി റോണന്‍ ബര്‍ഗ്മാന്റെ പുസ്തകം. യെദിയോട്ട് അഹാരോനോട്ട് പത്രത്തിന്റെ ഇന്റലിജന്‍സ് കറസ്‌പോണ്ടന്റായ ബര്‍ഗ്മാന്റെ റൈസ് ആന്റ് കില്‍ എന്ന പുസ്തകത്തില്‍ മൊസാദിന്റെ കൊലപതാക രീതികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

ടൂത്ത് പേസ്റ്റില്‍ വിഷം കലര്‍ത്തുക, ആയുധധാരികളായ ഡ്രോണുകളെ വിന്യസിക്കുക, പൊട്ടിത്തെറിക്കുന്ന മൊബൈല്‍ ഫോണുകള്‍, റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഘടിപ്പിച്ച സ്‌പെയര്‍ ടയറുകള്‍ തുടങ്ങി എണ്ണമറ്റ രീതികളാണ് എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ഇസ്രാഈല്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് പുസ്തകം പറയുന്നു. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന മൊസാദും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും ഇസ്രാഈല്‍ സേനയും കഴിഞ്ഞ 70 വര്‍ഷത്തിനിടെ സ്വീകരിച്ച കൊലപാതക രീതികളെക്കുറിച്ച് പുസ്തകത്തിലുണ്ട്. ഇസ്രാഈലിന്റെ ഉന്നതരായ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഫലസ്തീനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഒട്ടനവധി ക്രൂരതകള്‍ മൊസാദ് നടത്തി. ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിനെ വിഷം നല്‍കി കൊന്നതാണെന്നും റേഡിയേഷനാണ് അതിന് ഉപയോഗിച്ചതെന്നും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന് മാത്രം ബര്‍ഗ്മാന്‍ തയാറായിട്ടില്ല. ഇസ്രാഈല്‍ സേനയുടെ തടസമാണ് അതിന് കാരണമെന്നും അദ്ദേഹം പറയുന്നുണ്ട്. അറഫാത്തിനെ കൊലപ്പെടുത്താന്‍ പലതവണ ഇസ്രാഈല്‍ ശ്രമിച്ചിരുന്നതായി പുസ്തകം വെളിപ്പെടുത്തുന്നു.

 

അറഫാത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, നൂറുകണക്കിന് യാത്രക്കാര്‍ കയറിയ വിമാനം വെടിവെച്ചിടാന്‍ മുന്‍ പ്രതിരോധ മന്ത്രി ഏരിയല്‍ ഷാരോണ്‍ ഇസ്രാഈല്‍ സേനക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് പുസ്തകത്തിന്റെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായിരുന്നു അറഫാത്ത് അപ്പോള്‍. മറ്റൊരു തവണ സ്‌റ്റേഡിയത്തില്‍ ബോംബുവെച്ചും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ മൊസാദ് പദ്ധതി തയാറാക്കിയിരുന്നു. ഇറാന്റെ നിരവധി ശാസ്ത്രജ്ഞരെ ഇസ്രാഈല്‍ കൊലപ്പെടുത്തി. എതിരാളികളായ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തലും മുസ്്‌ലിം നേതാക്കളുടെ രഹസ്യ പ്രണയബന്ധങ്ങള്‍ അന്വേഷിക്കലുമെല്ലാം ഇസ്രാഈലിന്റെ അന്വേഷണ ലക്ഷ്യങ്ങളില്‍ ചിലതാണ്. ഇസ്രാഈലിന്റെ ശത്രുനിഗ്രഹങ്ങളെക്കുറിച്ച് പറയുന്ന ആധികാരിക വിവരങ്ങളടങ്ങിയ പുസ്തകമാണിത്.

1970കളില്‍ ചാരപ്രവര്‍ത്തനം വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ രാജ്യങ്ങളില്‍ മൊസാദ് വാണിജ്യ കമ്പനികള്‍ തന്നെ തുറന്നിരുന്നു. തങ്ങളുടെ ചാരപ്രവര്‍ത്തനങ്ങളില്‍ നിരവധി പരാജയങ്ങളും ഇസ്രാഈലിന് നേരിടേണ്ടിവന്നിട്ടുണ്ട്. 1972ല്‍ മ്യൂണിച്ച് ഒളിമ്പിക്‌സില്‍ ഇസ്രാഈല്‍ കായികതാരങ്ങളെ കൊലപ്പെടുത്തിയതിന് പകവീട്ടിയപ്പോള്‍ ആളുമാറിയാണ് കൊലപ്പെടുത്തിയത്.

chandrika: