X

സ്വേച്ഛാധിപത്യത്തിലേക്ക് ഇനിയെത്ര ദൂരം- എഡിറ്റോറിയല്‍

ജന്മിത്വത്തില്‍നിന്ന് സാമ്രാജ്യത്വത്തിലേക്കും അതില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കും ലോകരാജ്യങ്ങള്‍ പടിപടിയായി ചുവടുവെക്കുന്നതാണ് കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളില്‍ നാം ദര്‍ശിച്ചത്. അതൊരുവലിയ പ്രതീക്ഷയായിരുന്നു. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുകയും ജീവിതസൗകര്യങ്ങളുടെ ഉച്ഛ്വാസവായുപോലും നിഷേധിക്കപ്പെടുകയും ചെയ്തിരുന്ന കാലത്തുനിന്ന് സ്വതന്ത്രവിഹായസ്സിലേക്കുള്ള കൂടുമാറ്റം. ഇന്ത്യയുള്‍പെടെയുള്ള ലോകരാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ പുതുനാമ്പുകള്‍ പടര്‍ന്നുപന്തലിച്ച് സാര്‍വലൗകികതയിലേക്ക് ഉയരുമെന്നാണ ്കരുതിയതെങ്കില്‍ പക്ഷേ അതെല്ലാം തെറ്റായ ചിന്തയായിരുന്നുവെന്നതിനുള്ള തെളിവുമായാണ് രാജ്യം ഇന്ന് ഓരോദിവസവും പുലരുന്നത്. കഴിഞ്ഞദിവസം സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റിയൂട്ട് അഖിലലോക ജനാധിപത്യരാജ്യങ്ങളുടെ സ്വേച്ഛാധിപത്യസൂചികയുമായി പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് മേല്‍ ആധികള്‍ക്കാധാരം.

ഭയപ്പെട്ടതുപോലെ ഇന്ത്യയുടെ ജനാധിപത്യത്തിലെ സ്ഥാനം ലോകത്തെ അമ്പതോളം രാജ്യങ്ങളിലും താഴെയാണെന്നതാണ് പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വേച്ഛാധിപത്യപ്രവണത പ്രകടിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞവര്‍ഷവും ഇന്ത്യ ഇടംനേടിയിരുന്നെങ്കില്‍ അതിനേക്കാള്‍ ശോഷിച്ച പ്രകടനമാണ് ഇത്തവണ കാട്ടിയിരിക്കുന്നതത്രെ. ഇന്ത്യ, ബ്രസീല്‍, തുര്‍ക്കി, ഹംഗറി, ഹോം കോങ്, അഫ്ഗാനിസ്ഥാന്‍, കമ്പോഡിയ, ബംഗ്ലാദേശ്, പോളണ്ട്, സെര്‍ബിയ എന്നീ രാജ്യങ്ങളാണ് ജനാധിപത്യം അപകടകരമാംവിധം തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രമെന്ന വീമ്പുമായി ഇനിയും നമുക്ക് മുന്നോട്ടുപോകാനാകില്ലെന്നാണ് ഇപ്പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. മേല്‍പറഞ്ഞ പലരാജ്യങ്ങളിന്മേലും മുമ്പും ജനാധിപത്യമെന്ന വിശേഷണം ഉള്‍പ്പെട്ടിരുന്നില്ലെന്നോര്‍ക്കുമ്പോഴാണ് ഇന്ത്യയുടെ അവസ്ഥ ‘ മോശമായി’ എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം, ഗാന്ധിജിയുടെ ഇന്ത്യക്കാരെ ഞെട്ടിക്കുന്നത്. ഈ രാജ്യങ്ങളില്‍ ‘ബഹുസ്വരകക്ഷികള്‍ ഏകാധിപത്യനിര്‍മിതിയിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുന്നു’ എന്ന ്പഠനം പറയുന്നു. ‘ജനാധിപത്യറിപ്പോര്‍ട്ട് 2022-ഏകാധിപത്യനിര്‍മിതിയിലെ മാറ്റത്തിന്റെ പ്രകൃതം’ എന്നാണ് മാര്‍ച്ച് മൂന്നിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. തെരഞ്ഞെടുപ്പിന്റെയും സ്വാതന്ത്ര്യത്തിന്റേതുമായ ഘടകങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ലോകത്തെ 200ഓളം രാജ്യങ്ങളില്‍ 15 രാജ്യങ്ങളില്‍ ജനാധിപത്യം നിലനില്‍ക്കുമ്പോള്‍ 32 രാജ്യങ്ങള്‍ ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തെ 70 ശതമാനം ജനതയും ഇന്ന് ഏകാധിപത്യഭരണങ്ങളുടെ കീഴില്‍ അമര്‍ന്നിരിക്കുകയാണെന്ന് പഠനം പറയുന്നു. ഇത് ഏകദേശം 540കോടി ജനതവരും. പഠനത്തില്‍ ചൂണ്ടിക്കാട്ടുന്ന പ്രധാനപ്പെട്ട മറ്റൊരു വസ്തുത, ഇന്ത്യയുടെ ഏകാധിപത്യപ്രവണത ആരംഭിച്ചത് മോദിയുടെ ബി.ജെ.പി ഭരണകാലത്താണെന്നതാണ്. ഹിന്ദുത്വരാഷ്ട്രീയമാണ് അതിന് കാരണം. ഇക്കാര്യം കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.

ബഹുസ്വരതയെ അംഗീകരിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ പാര്‍ട്ടികളാണ് മേല്‍പറഞ്ഞതിന് കാരണം. ഇവയുടെ നേതാക്കളാണ് ഇതിനുത്തരവാദികള്‍. നേതാക്കളില്‍ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത അപ്രത്യക്ഷമാകുന്നുവെന്നും മൗലികവും ന്യൂനപക്ഷങ്ങളുടേതുമായ അവകാശങ്ങളോടുള്ള താല്‍പര്യക്കുറവ്, രാഷ്ട്രീയഎതിരാളികളുടെ സാമ്പത്തികഅടിത്തറ തകര്‍ക്കല്‍, രാഷ്ട്രീയഅക്രമങ്ങളെ അനുകൂലിക്കല്‍ എന്നിവയാണ് ഈ പാര്‍ട്ടികളില്‍ മിക്കതിലും കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെയും ബ്രസീലിന്റെയും മൗറീഷ്യസിന്റെയും പോക്ക് പ്രത്യേകമായി അപകടത്തിലാണെന്ന് പഠനം പറയുന്നു. സ്വതന്ത്രജനാധിപത്യസൂചികയില്‍ 2013ല്‍ 0.57 ആയിരുന്ന ഇന്ത്യയുടെ സ്ഥാനം 2014ന് ശേഷം 0.34 ആയി കുത്തനെ ഇടിഞ്ഞു. 23 ശതമാനത്തിന്റെ ഇടിവാണിത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലാണ് ഇന്ത്യയുടെ ഏകാധിപത്യത്തിലേക്കുള്ള കുത്തനെയുള്ള ചുവടുവെയ്പുണ്ടായത്. ’30 വര്‍ഷത്തെ ഇന്ത്യയുടെ ജനാധിപത്യ മുന്നേറ്റങ്ങളെയാണ് ഇത് നിലംപരിശാക്കിയത്.’ കഴിഞ്ഞവര്‍ഷം അമേരിക്ക ആസ്ഥാനമായ ഫ്രീഡംഹൗസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലും ഇന്ത്യ ‘ഭാഗികമായ ജനാധിപത്യരാജ്യം’മാത്രമാണെന്ന് രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ 2014 മുതലിങ്ങോട്ട് നാളോരോന്നിലും നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടഭീകരതകളും മൗലികാവകാശ ലംഘനങ്ങളും പാര്‍ലമെന്റിനെപോലും നോക്കുകുത്തിയാക്കിയുള്ള നിയമനിര്‍മാണങ്ങളും കൊണ്ട് ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഈ റിപ്പോര്‍ട്ട് യാതൊരു അത്ഭുതവും ഉളവാക്കുന്നില്ല. മാധ്യമങ്ങള്‍ക്കുമേല്‍പോലും കടുത്ത നിയന്ത്രണങ്ങള്‍തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജുഡീഷ്യറിയെ പോലും നിരീക്ഷിക്കുന്ന ഭരണാധികാരികളുടെ ചാരക്കണ്ണുകള്‍ ഏകാധിപത്യരാജ്യത്തെന്നതുപോലെ പൗരനെ പിന്തുടരുന്നു. സമ്പൂര്‍ണ സ്വേച്ഛാധിപത്യത്തിലേക്ക് ഇനി എത്രകാലമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ!

Test User: