X

അരാജകത്വത്തിലേക്ക് ഇനിയെത്ര ദൂരം-എഡിറ്റോറിയല്‍

ആര്‍ക്കും ആര്‍ക്കെതിരായും എന്തും ചെയ്യാമെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണോ ഇന്ത്യാമഹാരാജ്യമിപ്പോള്‍? കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശ്രവിക്കേണ്ടിവരുന്ന നിര്‍ഭാഗ്യകരവും ഭീതിജനകവുമായ സംഭവങ്ങള്‍ സമാധാനവാദികളും മതേതര വിശ്വാസികളുമായ മനുഷ്യരെ അമ്പരപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഏപ്രില്‍ പത്തിന് ഉത്തരേന്ത്യയിലും പശ്ചിമ ബംഗാളിലുമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന രാമനവമി ആഘോഷങ്ങളോടനുബന്ധിച്ചുണ്ടായ വര്‍ഗീയാക്രമണങ്ങള്‍ ഹിന്ദുമതത്തിലെ അവതാര പുരുഷനായ ശ്രീരാമനെ ഇകഴ്ത്തുന്ന തരത്തിലുള്ളതായി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ബിഹാര്‍, ചത്തീസ്ഗഡ്, ഇതര കക്ഷികള്‍ ഭരിക്കുന്ന പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മത ന്യൂനപക്ഷങ്ങളുടെ നേര്‍ക്ക് വ്യാപകമായാണ് ആക്രമണമുണ്ടായത്.

മുസ്‌ലിംകളെ ലക്ഷ്യം വെച്ചായിരുന്നു അവയെല്ലാം. അവരുടെ വീടുകളും കടകളും പള്ളികളും ദര്‍ഗകളും ആക്രമിക്കുകയും മിനാരങ്ങളില്‍ കയറി കാവിക്കൊടി കെട്ടുകയും ഖബറിടം തകര്‍ക്കുകയും വരെ ചെയ്തു കാവിധാരികള്‍. ഇതിനിടെ ശനിയാഴ്ച മോദിയുടെ മൂക്കിനു മുമ്പിലുള്ള ഡല്‍ഹിയിലും ആസൂത്രിത ആക്രമണങ്ങളാണ് അരങ്ങേറിയത്. ജയ് ശ്രീറാം വിളികളോടെയായിരുന്നു പശ്ചിമബംഗാളിലെ മസ്ജിദിന്റെ നെറുകെയില്‍ കയറി ആര്‍.എസ്.എസ് സംഘം കൊടി നാട്ടിയതെങ്കില്‍ മധ്യപ്രദേശിലും ഗുജറാത്തിലും സര്‍ക്കാരുകള്‍ തന്നെയാണ് മുസ്‌ലിംകളുടെ വാസ ഇടങ്ങളും കടകളും തകര്‍ത്തുകളഞ്ഞത്. ഘോഷയാത്രകള്‍ വര്‍ഗീയ യാത്രകളാകുന്ന സ്വഭാവം ഇവിടെയും കണ്ടു. ഇതിനെല്ലാം പിറകില്‍ ആര്‍.എസ്.എസിന്റെ ആസ്ഥാനത്തു നിന്നുള്ള ആജ്ഞകളുണ്ടായെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയും അതിന്റെ തലപ്പത്തുള്ളയാളില്‍ നിന്ന് ഇതിനിടെ പുറത്തുവന്നു: ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം ഇന്ത്യയില്‍ വടിയുപയോഗിച്ചാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നായിരുന്നു മോഹന്‍ ഭഗവത്തിന്റെ അറുവഷളന്‍ പ്രസ്താവന. സ്വാമി വിവേകാന്ദനും അരബിന്ദോയും സ്വപ്‌നം കണ്ട മതരാഷ്ട്രത്തിന് ഇനി 10-15 കൊല്ലമേ ബാക്കിയുള്ളൂവെന്നും കൂടി ഹിന്ദുമത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആര്‍.എസ്.എസ് തലവന്‍ തട്ടിവിട്ടു. രാജ്യത്ത് നടക്കുന്നതെല്ലാം തങ്ങളുടെ അറിവോടെയും പദ്ധതിയോടെയുമാണെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത.് അല്ലെങ്കില്‍ എങ്ങനെയാണ് ഇത്രകാലവുമില്ലാത്ത രീതിയില്‍ രാമനവമിക്ക് മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ രാജ്യത്താകെയുണ്ടായത്? ഇവിടെ മൗനം വാചാലമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും.

കര്‍ണാടകയിലും മറ്റും ബാങ്ക് വിളിക്കുന്നതിനെരെയാണ് പ്രകോപനമെങ്കില്‍, ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ശിവരാജ്‌സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഖാര്‍ഗോണില്‍ ചെയ്തത് ആര്‍.എസ്.എസുകാരെ പോലും നാണിപ്പിക്കുന്ന വിധമായിരുന്നു. അവിടെ ഏപ്രില്‍ പത്തിനുണ്ടായ ലഹളക്ക് കാരണക്കാരായവരുടേതെന്നാരോപിച്ച് നാലാം ദിവസം ബുള്‍ഡോസറുകളുപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തി സര്‍ക്കാര്‍. ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തിലെ പ്രതികളില്‍ മുസ്‌ലിംകളുടെ അമ്പതിലധികം കുടിലുകളും കടകളും ഇടിച്ചുനിരപ്പാക്കിയതെന്തിനെന്നതിന് ഉത്തരമില്ല. ഗുജറാത്തിലും സമാനമായി മുസ്‌ലിം വീടുകളും കടകളും ഭരണകൂടം ഇടിച്ചുനിരത്തി.

വടക്കേ ഇന്ത്യയിലെ പല പ്രദേശങ്ങളിലും മുസ്‌ലിംകള്‍ താമസിക്കുന്നത് തീര്‍ത്തും ശോചനീയമായ ജീവിത സാഹചര്യങ്ങളിലാണെങ്കില്‍ അവരുടെ വാസ ഇടങ്ങള്‍ ഇല്ലാതാക്കുന്നത് രാജ്യത്തു നിന്ന് അവരെ പുറത്താക്കുന്നതിന് തുല്യമാണ്. ഡല്‍ഹിയിലെ ജഹാംഗീര്‍പൂരില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തിനു പിന്നിലെയും സംഘ്പരിവാര്‍ ബന്ധം വ്യക്തമാണ്. ഹനുമാന്‍ ജയന്തിയാഘോഷത്തിനെന്ന പേരില്‍ നടത്തിയ സ്ഥലത്തെ ഘോഷയാത്രക്കിടെ മുസ്‌ലിംകളുടെ വീടുകളിലേക്ക് വ്യാപകമായ കല്ലേറാണുണ്ടായത്. മുസ്‌ലിംകളെ അറസ്റ്റുചെയ്ത് പാക് ബന്ധം വിളക്കിച്ചേര്‍ക്കുകയാണ് ബി.ജെ.പി പൊലീസ് രീതി. കഴിഞ്ഞ വര്‍ഷത്തെ ഡല്‍ഹി കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടതില്‍ 38 പേരും മുസ്‌ലിംകളായിരുന്നു. അവരുടെ സ്വത്ത്-ആരാധനാലയങ്ങളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. വിഭജനത്തിനു ശേഷം നടന്ന ഏറ്റവും വലിയ കലാപമെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ഇന്നിതാ ഇരുട്ടിന്റെ ശക്തികള്‍ വീണ്ടും നാടാകെ പാവപ്പെട്ട ജനതയെ കൊന്നുതിന്നാനെത്തിയിരിക്കുന്നു. വിവിധ രാഷ്ട്രീയ കക്ഷികള്‍ കഴിഞ്ഞദിവസം ഇറക്കിയ പ്രസ്താവന രാജ്യത്തിന്റെ മനസാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ വക്താവ് പറഞ്ഞത്, ഡല്‍ഹി കലാപത്തിലെ ഹിന്ദുക്കളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ചില്ല എന്നും!.

Chandrika Web: