X
    Categories: MoreViews

ഓഖി ആഞ്ഞടിക്കുന്നു; എങ്ങനെയാണ് കാറ്റുകള്‍ക്ക് പേരുകള്‍ കിട്ടുന്നത്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തില്‍ ഉണ്ടായ “ഓഖി” ചുഴലിക്കാറ്റ് അറബിക്കടലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ദിവസങ്ങളായി അറബിക്കടലിന്റെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴയും കാറ്റുമായി തകര്‍ക്കുന്ന കാറ്റിന് ‘ഓഖി’ എന്ന പേര് വന്നിരിക്കുന്നത് ബംഗ്ളാദേശില്‍ നിന്നുമാണ്. ബംഗാളികള്‍ക്ക് ”ഓഖി” എന്നാല്‍ കണ്ണെന്നാണ് അര്‍ഥം.

ബംഗ്ലാദേശാണു ചുഴലിക്കാറ്റിന് ഈ പേര് നല്‍കിയത്.  ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന കാറ്റുകള്‍ക്ക് പേര് നല്‍കുന്നത് ഈ മേഖലയിലെ രാജ്യങ്ങളാണ്.

തിരുവനന്തപുരത്തു നിന്നും 120 കിലോമീറ്റര്‍ തെക്കു മാറി കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ന്യൂനമര്‍ദത്തിന്റെ ഫലമായി ഓഖി രൂപംകൊണ്ടത്. ഓഖിക്കു പേരിടാനുള്ള അവസരം ബംഗ്ലാദേശിനാണ് ലഭിച്ചത്.
ചുഴലിക്കാറ്റ് സംബന്ധിച്ച ആശയവിനിമയത്തിനാണ് പേരുകള്‍ ഉപയോഗിക്കുന്നത്. ഇനി വരാനുള്ള കാറ്റിന് പേരിട്ടിരിക്കുന്നത് ഇന്ത്യയാണ്.

കഴിഞ്ഞ ചുഴലിക്കാറ്റ് മോറയായിരുന്നു. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ ആഞ്ഞുവീശിയ ഈ കാറ്റിന്റെ നാമം വന്നത് തായ്ലന്റില്‍ നിന്നായിരുന്നു. കടല്‍ നക്ഷത്രം എന്നര്‍ത്ഥം വരുന്ന ഒരു തരം ഭാഗ്യക്കല്ലിന്റെ പേരായിരുന്നു ഇത്. സാഗര്‍ എന്നാണ് അടുത്ത കൊടുങ്കാറ്റിന് ഇന്ത്യയിട്ടിരിക്കുന്ന പേര്.

ലോക കാലാവസ്ഥാ സംഘടനയും, യു.എന്നിന്റെ എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് ദി പസഫിക്കും ചേര്‍ന്ന് 2000 മുതലാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്ന സംവിധാനം തുടങ്ങിയത്. കാലാവസ്ഥാ നിരീക്ഷകര്‍ തമ്മിലുള്ള ആശയവിനിമയവും മുന്നറിയിപ്പുകളും പ്രവചനങ്ങളും നിരീക്ഷണങ്ങളും എല്ലാം സാധ്യമാക്കുന്നതിന് വേണ്ടിയാണ് കാറ്റുകള്‍ക്ക് പേരിടുന്ന പതിവ് തുടങ്ങിയത്.

ലോകത്തുടനീളമായി 9 മേഖലകളായിട്ടാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അറ്റ്ലാന്റിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാന്റിക് എന്നിവയാണ് അവ.

വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകളില്‍ ആദ്യം പേര് നല്‍കിയത് ബംഗ്ളാദേശാണ്. 2004 ല്‍ ഒനീല്‍ എന്നായിരുന്നു പേര്. ഇതുവരെ ഈ മേഖലയില്‍ നിന്നും പേരിടാന്‍ അവകാശമുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലാന്‍ഡ്, മ്യാന്‍മര്‍, മാലദ്വീപ്, ഒമാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് എട്ട് പേരുകള്‍ നല്‍കിയിട്ടുണ്ട്. 64 പേരുകളുടെ പട്ടികയില്‍ നിന്നുമാണ് എട്ട് പേരുകള്‍ സാധ്യമായത്.

 

chandrika: