ഇസ്രാഈലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച് ഹൂതികള്‍. അതേസമയം മിസൈല്‍ നിര്‍വീര്യമാക്കിയതായി ഇസ്രാഈല്‍ സേന അവകാശപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കയും ഹൂതികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഇസ്രാഈലിന് നേരെയുള്ള ഹൂതികളുടെ മിസൈല്‍ പ്രയോഗം.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ആക്രമണം തുടങ്ങിയ ഇസ്രാഈലിനെതിരെ തിരിയുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം. മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിലെങ്ങും വലിയ സൈറണുകള്‍ മുഴങ്ങി. സൈറണുകള്‍ക്ക് പിന്നാലെ ആളുകള്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ ഓടുന്നതിനിടെ വീണ് പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രാഈലിന്റെ ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കുന്നു. ഇതിനിടെ ഹൂതി വക്താവ് യഹ്‌യ സാരി ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. ഫലസ്തീന്‍2 ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച്, അധിനിവേശ ജാഫ മേഖലയിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായാണ് യഹ്‌യ സാരി വ്യക്തമാക്കിയത്.
ഓപറേഷന്‍ വിജയകരമായി പൂര്‍ത്തിയായെന്നും അദ്ദേഹം പറയുന്നു. അതേസമയം അമേരിക്കയുടെ പ്രചാരണത്തിന് മറുപടിയായി ഇസ്രാഈലിനെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ കൂടുതല്‍ നടത്തുമെന്നും അടുത്തിടെ ഹൂതികള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൂതികള്‍ക്കെതിരെ അമേരിക്ക തിരിഞ്ഞത്.
ട്രംപ് അധികാരമേറ്റതിനുശേഷം മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക നടപടിയാണ് ഹൂതികള്‍ക്ക് നേരെ നടക്കുന്നത്. ഹൂതികളെ ഇല്ലാതാക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം ഭാവിയില്‍ ഉണ്ടാകുന്ന ഹൂതി ആക്രമണങ്ങള്‍ക്ക് ഇറാന്‍ ഉത്തരവാദിയാക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.