X
    Categories: NewsWorld

അറബിക്കടലിലും ചെങ്കടലിലും ആക്രമണവുമായി വീണ്ടും ഹൂതികള്‍

അറബിക്കടലിലും ചെങ്കടലിലുമുള്‍പ്പെടെ മൂന്നിടങ്ങളില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് യെമനിലെ ഹൂതികള്‍. അറബിക്കടലിലും ചെങ്കടലിലും ബാബ് അല്‍ മന്ദാബ് കടലിടുക്കിലുമായി മൂന്നോളം ആക്രമണങ്ങള്‍ നടത്തിയതായാണ് ഹൂതി സംഘം പറയുന്നത്.

ഫലസ്തീനിലും ലെബനനിലും ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഇസ്രാഈലിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നും ഹൂതി സംഘം കൂട്ടിച്ചേര്‍ത്തു.

‘ഫലസ്തീനിന്റെയും ലബനന്റെയും ചെറുത്തു നില്‍പ്പുകളെ പിന്തുണച്ച് ഇസ്രാഈലി കപ്പലുകള്‍ക്കെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടത്തിയത്. മൂന്ന് സ്ഥലങ്ങളിലായി മൂന്ന് സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തി.

രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് അറബിക്കടലില്‍ എസ്.സി മോണ്‍ട്രിയല്‍ എന്ന കപ്പലിനെ ലക്ഷ്യമിട്ടായിരുന്നു ആദ്യം ആക്രമണം നടത്തിയത്. അത് കൃത്യമായി തന്നെ നടപ്പിലായി,’ ഹൂതി സൈനിക വക്താവ് യഹിയ സരിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം രണ്ടാമത്തെ ആക്രമണം അറബിക്കടലിലെ മെഴ്‌സ്‌ക് കൗലൂണ്‍ എന്ന കപ്പലിനെ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചും ചെങ്കടലില്‍ മൊട്ടാരോ എന്ന കപ്പലിനെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചും ബാബ് അല്‍ മന്ദാബ് കടലിടുക്കിലും ആക്രമിച്ചുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ലെബനനിലും ഫലസ്തീനിലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ ഹൂത്തികള്‍ ഇസ്രാഈലിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സംഘം പറഞ്ഞു.

യെമന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ ചെങ്കടലും ഹൊദൈദയും ഉള്‍പ്പെടെ യെമനനിന്റെ ഭൂരിഭാഗവും ഹൂത്തികളുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിനിടയില്‍ ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹൂതികള്‍ ചെങ്കടലില്‍ ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്തുകയും ഇസ്രാഈലുമായി ബന്ധമുള്ള കപ്പല്‍ ഗതാഗതങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയതിരുന്നു.

webdesk13: