ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ഹൂതി വിമതര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ 14 മാസത്തിന് ശേഷം മോചിപ്പിച്ചു. 2023 നവംബര്‍ 19ന് പിടികൂടിയ ഗാലക്സി ലീഡര്‍ എന്ന കപ്പലിലെ 25 ജീവനക്കാരെയാണ് വിട്ടയച്ചത്.
യെമന്‍ തീരത്ത് നിന്നാണ് ഹൂതി സേന കപ്പല്‍ പിടിച്ചെടുത്തത്. ഗസ്സയില്‍ ഇസ്രാഈലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് കപ്പല്‍ ജീവനക്കാരെ വിട്ടയക്കാന്‍ തീരുമാനമായത്. ഇവരെ മോചിപ്പിച്ച വിവരം ഹൂതികളുടെ ഉടമസ്ഥതയിലുള്ള അല്‍ മസിറ ടി.വിയാണ് പുറത്തുവിട്ടത്. വിട്ടയച്ച ജീവനക്കാരെ ഒമാന് കൈമാറി.
ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാതെ ഇസ്രാഈല്‍ ബന്ധമുള്ള ചരക്കുകപ്പലുകള്‍ ചെങ്കടല്‍ വഴി കടത്തിവിടില്ലെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാപ്പനീസ് കമ്പനി നടത്തിപ്പിനെടുത്ത കപ്പല്‍ ചെങ്കടല്‍ വഴി സഞ്ചരിക്കുന്നതിനിടെ പിടികൂടിയത്. യുക്രെയ്ന്‍, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പലില്‍ ജീവനക്കാരായുണ്ടായിരുന്നത്. തുടര്‍ന്ന് ഹൂതി സായുധ വിഭാഗത്തിനായിരുന്നു കപ്പലിന്റെ നിയന്ത്രണം.