യമനില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ ഹൂഥി മിലീഷ്യകള്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് പുണ്യഭൂമിയില്‍ ആക്രമണത്തിന് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഹൂഥികള്‍ മക്ക ലക്ഷ്യം വെച്ച് മിസൈല്‍ തൊടുത്തത്. മക്കയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ മിസൈല്‍ സഊദി സൈന്യം തകര്‍ത്തു. യമനിലെ സഅ്ദയാണ് മിസൈല്‍ ആക്രണത്തിന്റെ ഉറവിടം. മിസൈല്‍ ലോഞ്ചറിന് നേരെ സഖ്യസേനാ വിമാനങ്ങള്‍ ആക്രമണം നടത്തി. മക്ക ലക്ഷ്യമിട്ട് ഇത് രണ്ടാം തവണയാണ് ഹൂഥികള്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിക്കുന്നത്. വ്യാഴാഴ്ച രാത്രി ജിസാനിലെ സ്വാംത ലക്ഷ്യമാക്കി ഹൂഥികള്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11.44നാണ് ആക്രമണമുണ്ടായതെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ യഹ്‌യ അല്‍ഖഹ്ത്താനി പറഞ്ഞു. ആക്രമണത്തില്‍ ഇരുനില കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തിലെ താമസക്കാരില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
മക്കയില്‍ മിസൈല്‍ ആക്രമണം നടത്തുന്നതിനുള്ള ഹൂഥികളുടെ ശ്രമത്തെ യു.എ.ഇയും ഖത്തറും ബഹ്‌റൈനും അപലപിച്ചു. മക്കക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്ന ഭീകരരെയാണ് ഇറാന്‍ ഭരണകൂടം പിന്തുണക്കുന്നതെന്ന് യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍ പറഞ്ഞു. ഇറാന്‍ അവകാശപ്പെടുന്നതുപോലെ അവിടെയുള്ളത് ഇസ്‌ലാമിക ഭരണകൂടമാണോയെന്നും യു.എ.ഇ വിദേശ മന്ത്രി ആരാഞ്ഞു.
മക്ക ലക്ഷ്യമിട്ടുള്ള ആക്രമണം ധാരണകളുടെ ലംഘനം മാത്രമല്ല, നീചമായ പാപമാണെന്ന് ബഹ്‌റൈന്‍ പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ടത്തിലും വിശുദ്ധ സ്ഥലങ്ങള്‍ ലക്ഷ്യമിടുന്നവര്‍ക്കെതിരെയും സഊദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും ബഹ്‌റൈന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം മക്കയല്ല, ജിദ്ധ വിമാനത്താവളം ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഹൂഥി വിമതര്‍ അവകാശപ്പെട്ടു.