പാലക്കാട് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വിജയകുമാര്‍ (42), നന്ദിയോട് അയ്യപ്പന്‍ചള്ള വീട്ടില്‍ റോബിന്‍ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസബ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വര്‍ണം വിറ്റ കോയമ്പത്തൂരിലടക്കം ഇവരെ എത്തിച്ച് തെളിവെടുക്കും. വിറ്റ സ്വര്‍ണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റിലായ വിമല്‍കുമാര്‍, ബഷീറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മോഷണം നടത്തിയ ആളെയാണ് ഇനി പിടികൂടാനുള്ളത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ വളരെ പെട്ടെന്ന് ഒളിവില്‍ പോയതിനാലാണ് ഇതുവരെ പിടികൂടാന്‍ കഴിയാത്തത്. ഇയാള്‍ എവിടെയാണെന്നതിന് സൂചന ലഭിച്ചിട്ടുണ്ട്.