ബജറ്റിലെ നിര്‍ദേശങ്ങളിലൊന്നായിരുന്ന ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കുള്ള അധികനികുതി സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിച്ചു. പ്രവാസികളുടെ വീടുകള്‍ക്കും അധികനികുതി ഉണ്ടാകില്ല. ധനമന്ത്രി ബാലഗോപാലാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി അറിയിച്ചത്.
നിര്‍ദേശം വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. തൊഴിലിനായി വിദേശങ്ങളില്‍ പോകേണ്ടിവരുന്ന കുടുംബങ്ങളുടെ വീടുകള്‍ക്കാണ് അധികനികുതി സര്‍ക്കാര്‍ ഏര്‍പെടുത്തിയത്. ഏപ്രില്‍ ഒന്നുമുതല്‍ നികുതി പിരിക്കാനായിരുന്നു പരിപാടി. എന്നാല്‍ വിദേശവ്യവസായി അടക്കം വലിയ പ്രതിഷേധം ഉയര്ത്തിയത് സര്‍ക്കാരിനെ പിന്തിരിപ്പിച്ചു. ആയിരം കോടി രൂപയാണ് ഇതിലൂടെ പ്രതീക്ഷിച്ചിരുന്നത്. അതേസമയം പെട്രോളിനും ഡീസലിനും ഏര്‍പെടുത്തിയ 2 രൂപ അധികസെസ് നിര്‍ത്താന്‍ തയ്യാറായിട്ടില്ല.