തിരുവനന്തപുരം: പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന് വീട്ടമ്മയുടെ പരാതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര, പ്ലാമൂട്ടിക്കട സ്വദേശിയാണ് പാറശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പൊഴിയൂര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും എതിരെ പരാതി നല്‍കിയത്.
തന്നെയും കുടുംബത്തെയും പലവിധത്തില്‍ ഉപദ്രവിച്ചുകൊണ്ടിരുന്ന അയല്‍വാസിക്കെതിരെ പൊഴിയൂര്‍ പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവമുണ്ടായതെന്ന് വീട്ടമ്മയുടെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. അയല്‍വാസിക്കെതിരെ മാര്‍ച്ച് ആറിന് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 28ന് രാത്രി ഏഴുമണിയോടെ ഒരാള്‍ തന്റെ വീട്ടില്‍ കടന്നുകയറി തനിക്കെതിരെ ലൈംഗിക അതിക്രമം കാട്ടികയായിരുന്നു. ഇയാള്‍ വീടിന് പുറത്തുപോയ ശേഷം മറ്റൊരാളും പീഡിപ്പിച്ചു. ഭര്‍ത്താവ് വീട്ടിലെത്തിയ ഉടന്‍ സംഭവങ്ങള്‍ പറയുകയും രാത്രിതന്നെ പരാതി നല്‍കാനായി പൊഴിയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ തന്നെ പീഡിപ്പിച്ച രണ്ടുപേര്‍ തന്നെയും ഭര്‍ത്താവിനെയും വഴിയില്‍ തടഞ്ഞ് അക്രമിക്കുകയും ഭര്‍ത്താവിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.
അന്ന് രാത്രി ഒന്‍പത് മണിയോടെ മറ്റൊരാള്‍ വീട്ടില്‍ വന്ന് പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. മൂന്ന് പേരുടെയും അതിക്രമത്തിനെതിരെ പരാതി നല്‍കാനായി പൊഴിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. പീഡനത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കാരണം നെയ്യാറ്റിന്‍കര ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി. ഇക്കഴിഞ്ഞ മൂന്നാംതിയതി രണ്ട് പോലീസുകാര്‍ യൂണിഫോമില്‍ തന്റെ വീട്ടില്‍വന്ന് ആസ്പത്രിയില്‍ ചികിത്സതേടിയത് എന്തിനെന്ന് ചോദിച്ചു. അപ്പോഴാണ് തന്നെ പീഡിപ്പിച്ചത് പൊലീസുകാരാണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്ന് യുവതി പരാതിയില്‍ പറയുന്നു. പൊലീസിന് നല്‍കിയ പരാതികളുടെ പകര്‍പ്പും പീഡനം സ്ഥിരീകരിച്ചുകൊണ്ടുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും പരാതിക്കാരി മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചു.