ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തെരുവിൽ പ്രതിഷേധിച്ച അടിമാലി ഇരുന്നേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. ജൂലൈ 12ന് വൈകിട്ട് 4ന് അടിമാലിയിലെ പുതിയ വീട്ടില്‍വെച്ച് താക്കോല്‍ ദാന കര്‍മ്മം കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ നിർവഹിക്കും. കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 1118ാമത്തെ വീടാണ് മറിയക്കുട്ടിയുടേതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.
സ്വന്തമായി വീടില്ലാത്ത മറിയക്കുട്ടിക്ക് രണ്ട് വീടും ഒന്നരയേക്കര്‍ സ്ഥലവും ലക്ഷങ്ങളുടെ ആസ്തിയും ഉണ്ടെന്നും മക്കള്‍ വിദേശത്താണെന്നും ഉള്‍പ്പെടെയുള്ള വ്യാജപ്രചരണം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മറിയക്കുട്ടിക്ക് വീട് നിർമിച്ച് നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ പ്രഖ്യാപിച്ചത്.
കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിക്കാന്‍ 5 ലക്ഷം രൂപ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. മറിയക്കുട്ടിക്ക് വീട് സമയബന്ധിതമായി നിർമിച്ച് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടിയാല്‍ വേട്ടയാടപ്പെടുന്ന സാധാരണക്കാരന്റെ പ്രതീകമാണ് മറിയക്കുട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പ്രതികരിച്ചു.