ദീപാവലി പ്രമാണിച്ച് വീട് വൃത്തിയാക്കുന്നതിനിടെ നാല് ലക്ഷം രൂപയുടെ സ്വര്‍ണാഭരണം മാലിന്യ കൂട്ടത്തില്‍ പെട്ടു. മാലിന്യ ട്രക്കിലേക്ക് എറിഞ്ഞെന്ന് അമളി മനസിലാക്കിയ കുടുംബം മുന്‍സിപ്പല്‍ കോര്‍പറേഷനെ സമീപിക്കുകയായിരുന്നു. രാജസ്ഥാനിലെ ഭില്വാര സ്വദേശി ചിരാഗ് ശര്‍മയാണ് മുന്‍സിപ്പല്‍ കോര്‍പറേഷനെ സമീപിച്ചത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീട് വൃത്തിയാക്കുന്നതിനിടെ സ്വര്‍ണ്ണാഭരണങ്ങള്‍ സുരക്ഷിതമായി ഒരു കവറിലാക്കി മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇതിനിടെ മാലിന്യം ശേഖരിക്കാന്‍ ട്രക്ക് എത്തിയതോടെ ധൃതിയില്‍ മാലിന്യങ്ങള്‍ക്കൊപ്പം സ്വര്‍ണം സൂക്ഷിച്ച കവറും ട്രക്കിലേക്ക് എറിഞ്ഞു. ഏറെ നേരം കഴിഞ്ഞാണ് ഇകാര്യം ചിരാഗ് തിരിച്ചറിയുന്നത്. ഉടനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറെ വിളിച്ച് വിവരമറിയിച്ചു.
മേയര്‍ അറിയിച്ചതിനെ തുടര്‍ന്ന് മാലിന്യം തള്ളുന്ന ട്രക്ക് ഡ്രൈവറെ ബന്ധപ്പെടുകയും ട്രക്ക് പോയ വഴി പിന്തുടരുകയും ചെയ്തതായി വാര്‍ഡ് നമ്പര്‍ 27 സൂപ്പര്‍വൈസര്‍ പറഞ്ഞു. കുറച്ച് നേരം ഇത് നിരീക്ഷിച്ചതിന് ശേഷമാണ് മാലിന്യ കൂമ്പാരത്തില്‍ മാലിന്യം ഇറക്കിയതായി കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി. വലിയ മാലിന്യക്കൂമ്പാരത്തിനിടയില്‍ നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്തി. തുടര്‍ന്ന് അത് കുടുംബത്തിന് തിരികെ നല്‍കി.