മലപ്പുറം: മലപ്പുറത്തെ ആവേശത്തിലേറ്റി കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന കുതിരയോട്ട മത്സരം. കുതിരശക്തി തെളിയിക്കുന്ന മത്സരത്തിന് 57 ജോക്കികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 50 പേര്‍ വേഗപ്പോരില്‍ പങ്കെടുത്തു. സംസ്ഥാനത്താദ്യമായാണ് ഇത്തരത്തിലൊരു മത്സരം നടക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
രാവിലെ 8.30ന് മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ട്രാക്കിന് പുറത്തെ ഗ്യാലറികളില്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു.
സംഘാടകരെപ്പോലും ഞെട്ടിച്ച് ആളുകള്‍ എത്തിയതോടെ പോലീസിന് ഇടപെടേണ്ടിവന്നു. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് മത്സരം 12.30 ഓടെ അവസാനിപ്പിക്കുകയിരുന്നു.
ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുതിരകളെ പങ്കെടുപ്പിച്ച് ഫൈനല്‍ മത്സരം നടത്താനായിരുന്നു സംഘാടകര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആദ്യ റൗണ്ടില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കിയയാളെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ സ്ഥാനം നേടിയ കുതിര 29.57 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. നരേഷ് കോട്ടക്കല്‍ ആണ് ജോക്കി. ഹംസകുട്ടിയാണ് കുതിരയുടെ ഉടമ.പൊന്നാനി ഹോര്‍സ് റൈഡേഴ്‌സിന്റെ ജോക്കി നബ്ഹാന്‍ രണ്ടാം സ്ഥാനം നേടി. 29.78 സെക്കന്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. ശബീര്‍ ആണ് കുതിരയുടെ ഉടമ. സൂപ്പി എപ്പിക്കാട് 29.94 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കി മൂന്നാം സ്ഥാനവും നേടി. മത്സരം അവസാനിപ്പാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെ ഏറ്റവും മനോഹരമായ കുതിരയെ കണ്ടെത്തുന്നതിനുള്ള മത്സരം ഉപേക്ഷിക്കുകയും ചെയ്തു.
ഈ മത്സരത്തിനായി 15 കുതിരകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
14 വയസ്സ് മുതല്‍ 57 വയസ്സുവരെ പ്രായമുള്ള കുതിരയോട്ടക്കാര്‍(ജോക്കി) ആണ് മത്സരത്തില്‍ പങ്കെടുത്തത്. മത്സര പരിചയക്കുറവ് മത്സരാര്‍ഥികളെയും സംഘാടകരെയും വലച്ചു. പലപ്പോഴും കുതിരകള്‍ കൂടി നില്‍ക്കുന്ന ആളുകളെ കണ്ടും ശബ്ദവും കേട്ടും സ്റ്റാര്‍ട്ടിങ് പോയിന്റില്‍ തന്നെ അമ്പരന്നു നിന്നു.
മത്സരത്തിനിടെ നിരവധി പേരാണ് കുതിരപ്പുറത്ത് നിന്നും വീണത്.
എന്നാല്‍ ഹെല്‍മറ്റും ജാക്കറ്റും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ധരിച്ചതിനാല്‍ കുതിരയോട്ടക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മലപ്പുറത്തുകാര്‍ക്ക് മികച്ചൊരു അനഭവം സമ്മാനിച്ചാണ് കുതിരയോട്ട മത്സരം സമാപിച്ചത്. മലപ്പുറം ജില്ലാ ഹോര്‍സ് റൈഡേഴ്‌സ് ആയിരുന്നു സംഘാടകര്‍.
ചന്ദ്രിക ഫോട്ടോഗ്രഫര്‍ സകീര്‍ ഹുസൈനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്