X

മണിക്കൂര്‍ നീണ്ട പ്രസംഗം; മണിപ്പുര്‍ കലാപത്തെക്കുറിച്ചു പരാമര്‍ശിച്ചത് 4 മിനിറ്റ് മാത്രം

ന്യൂഡല്‍ഹി: മൂന്നു ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കാന്‍ പാര്‍ലമെന്റില്‍ രണ്ടു മണിക്കൂറിലെ പ്രസംഗിച്ച മോദി ആദ്യ ഒന്നര മണിക്കൂറിലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. മണിപ്പൂരിനെക്കുറിച്ച് പറയൂ എന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആര്‍ത്തു വിളിച്ചപ്പോഴും തന്റെ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുടെ ‘തള്ള്’ മാത്രമാണ് മോദിയില്‍ നിന്നുണ്ടായത്. ഒടുവില്‍ ക്ഷമ കെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയതോടെയാണ് മണിപ്പൂരിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ മോദി തയ്യാറായത്. അതാവട്ടെ, മണിപ്പൂരിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വീഴ്ച സമ്മതിക്കാതെ ഹൈക്കോടതിയെ പഴി പറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചും തലയൂരാനുള്ള ശ്രമം മാത്രം.

ആകെയുണ്ടായ നേട്ടം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം രാജ്യമുണ്ടെന്നും സമധാനം പുനഃസ്ഥാപിക്കുമെന്നുമുള്ള ആശ്വാസ വാക്കു മാത്രം. ഒരു സംസ്ഥാനം മൂന്നു മാസത്തോളമായി വംശീയ കലാപത്തില്‍ കത്തിയെരിയുമ്പോഴും ഒരു വാക്കു പോലും ഉരിയാടാതെ ഒളിച്ചുകളിച്ച പ്രധാനമന്ത്രിയെ സഭയില്‍ എത്തിക്കാനും രണ്ടു വാക്കെങ്കിലും പറയിക്കാനും കഴിഞ്ഞുവെന്നതില്‍ പ്രതിപക്ഷത്തിന് ആശ്വസിക്കാം. മെയ് മൂന്നിന് തുടങ്ങിയ, 150ഓളം പേരുടെ ജീവനെടുത്ത വംശീയ കലാപത്തില്‍ ഇതാദ്യമായാണ് മോദി പാര്‍ലമെന്റിന് അകത്തോ പുറത്തോ ഇത്രയെങ്കിലും വിശദമായി സംസാരിക്കാന്‍ തയ്യാറാവുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന ആവശ്യം നിരന്തരം നിരസിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ മാസം എട്ടിനാണ് സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷ പ്രതിനിധികള്‍ എല്ലാം മണിപ്പൂരിലെ വംശീയ കലാപവും ഹരിയാനയിലെ സംഘര്‍ഷവും ബുള്‍ഡോസര്‍ രാജും തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കം അതിഗുരുതര ആരോപണങ്ങളാണ് കേന്ദ്രത്തിനെതിരെ നിരത്തിയത്. എന്നാല്‍ ഒന്നിനു പോലും കൃത്യമായ മറുപടി നല്‍കാന്‍ മോദി തയ്യാറായില്ല. പകരം തന്റെ സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളേയും ഇന്ത്യ സഖ്യത്തേയും കടന്നാക്രമിച്ചും പരിഹസിച്ചും സംസാരിക്കാനാണ് മോദി ശ്രമിച്ചത്. ഒപ്പം 2024ലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന വീരവാദവും.

മണിപ്പൂരിനെക്കുറിച്ച് പറയാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. മണിപ്പൂരിനെക്കുറിച്ച് മിണ്ടാതെ പ്രസംഗം അവസാനിപ്പിക്കാനാണ് മോദിയുടെ നീക്കമെന്ന് ബോധ്യമായതോടെ ഇന്ത്യ സഖ്യം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇതോടെയാണ് മോദി മണിപ്പൂരിനെക്കുറിച്ച് മിണ്ടാന്‍ തയ്യാറായത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോകുന്നുവെന്നും മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചുവെന്നും പറഞ്ഞ് പഴി പ്രതിപക്ഷത്തിനായി. ഹൈക്കോടതിക്കായിരുന്നു മറ്റൊരു പഴി. കലാപത്തിന് കാരണമായത് ഹൈക്കോടതി ഉത്തരവാണെന്ന അമിത് ഷായുടെ വാദമാണ് പ്രധാനമന്ത്രിയും സഭയില്‍ ആവര്‍ത്തിച്ചത്. പിന്നാലെ മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം അരങ്ങേറിയെന്ന് മോദി സഭയില്‍ സമ്മതിച്ചു. അതേസമയം ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ തടയാന്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര, സംസ്ഥാന ആഭ്യന്തര വകുപ്പുകളും സര്‍ക്കാറുകളും എവിടെയായിരുന്നു എന്ന ചോദ്യത്തിന് മോദിക്ക് ഉത്തരമുണ്ടായിരുന്നില്ല. മോദിയുടെ മറുപടി പ്രസംഗത്തിനൊടുവില്‍ പ്രതിപക്ഷമില്ലാത്ത സഭയില്‍ അവിശ്വാസ പ്രമേയം ശബ്ദ വോട്ടോടെ തള്ളിക്കളയുകയായിരുന്നു.

webdesk11: