X

സിദ്ധിഖിന്റെ കൊലപാതകം പെൺ കെണി; ഫർഹാനയെ മുൻനിർത്തി ചതിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്

തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പാണെന്നു പൊലീസ്. സ്ഥിരീകരിച്ചു. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കി സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ച് ചതിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു. ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ച പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സിദ്ധിഖിനെ ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടയിലെ തർക്കത്തിൽ ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സിദ്ധിഖ് മരിച്ച ശേഷമാണ് പ്രതികൾ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങിയത്.മൃതദേഹം ഒരു ബാഗിൽ ഒതുക്കാൻ കഴിയാത്തതിനെ തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു. പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളിയതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്. തുടർന്ന് 22 ന് മകൻ പോലീസിൽ പരാതി നൽകി. പിന്നീടുളള അന്വേഷണത്തിലാണ് സിദ്ദീഖിന്‍റെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്. ഇതിനു പിന്നാലെ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ദീഖ് മുറിയെടുത്ത വിവരവും അന്വേഷണ സംഘത്തിന് കിട്ടി. സിദ്ദീഖിനെ കാണാതായ അന്ന് മുതല്‍ സിദ്ദീഖിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുന്ന കാര്യം കുടുംബാംഗങ്ങൾ പോലീസിനെ അറിയിക്കുകയും ചെയ്തു. ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി.തുടർന്നാണ് പ്രധാന പ്രതികളായ ഷിബിലിയും ഫർഹാനയെയും ചെന്നൈ റെയിൽവേ പോലീസിന്റെ പിടിയിലായത് . ഇരുവരും നടത്തിയ വെളിപ്പെടുത്തലിലാണ് സിദ്ദിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിച്ച കാര്യം പോലീസ് സ്ഥിരീകരിച്ചത്.

webdesk15: