X

ഹോട്ടല്‍ ഭക്ഷണത്തിനുള്ള ജി.എസ്.ടി പിന്‍വലിക്കണമെന്ന് ഹോട്ടലുടമകള്‍

ഹോട്ടല്‍ ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പിന്‍വലിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വാറ്റ് നിലവിലുണ്ടായിരുന്നപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന് അര ശതമാനം മാത്രമുണ്ടായിരുന്ന നികുതി ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ 5, 12, 18 എന്നീ നിരക്കിലേക്ക് മാറി. കൂടാതെ ഹോട്ടലിന്റെ ഏതെങ്കിലും ഭാഗത്ത് എ.സി. ഉണ്ടെങ്കില്‍ എ.സി. ഇല്ലാത്ത ഭാഗത്തും 18 ശതമാനം ജി.എസ്.ടി നല്‍കണമെന്ന വിചിത്രമായ നിബന്ധനയും ജി.എസ്.ടി. നിയമത്തിലുണ്ട്. ഹോട്ടല്‍ ഭക്ഷണത്തിനുള്ള ജി.എസ്.ടി ഒഴിവാക്കുകയോ 75 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകള്‍ക്ക് ഇന്‍പുട്ട് സൗകര്യത്തോടുകൂടി അഞ്ചു ശതമാനമായി നിജപ്പെടുത്തുകയോ ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം.
ഉറവിട മാലിന്യസംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പിന്‍വലിച്ചില്ലെങ്കില്‍ പരമ്പരാഗതമായി ഒറ്റമുറികെട്ടിടങ്ങളിലും വാടകകെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന കേരളത്തലെ ഭൂരിപക്ഷം ചെറുകിട ഇടത്തരം ഹോട്ടലുകളും അടച്ചുപൂട്ടിപോകുമെന്നും ഹോട്ടലുടമകള്‍ പറഞ്ഞു. നിലവില്‍ പുതുതായി തുടങ്ങുന്ന ഹോട്ടലുകള്‍ക്ക് ഈ നിയമം നിര്‍ബന്ധമാക്കി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെറുകിട ഇടത്തരം ഹോട്ടലുകളെ ഈ നിയമത്തില്‍നിന്നും ഒഴിവാക്കുകയും ഈ പ്രശ്‌നത്തിന് ഒരു ശാശ്വതപരിഹാരം കണ്ടെത്തുവാന്‍ ഒരു പൊതുസംവിധാനം ഏര്‍പ്പെടുത്തുകയും വേണം. ഹോട്ടലുകളെ ചെറുകിടവ്യവസായമായി അംഗീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന 13ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ഏകദിന ഉപവാസ സമരവും നടത്തുമെന്ന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍സെക്രട്ടറി ജി. ജയപാലും അറിയിച്ചു.

chandrika: