ഉച്ചയ്ക്ക് വയറുനിറച്ച് ഭക്ഷണ കഴിക്കാന്‍ ഏറ്റവും കുറഞ്ഞത് 50 രൂപയെങ്കിലും വേണം. എന്നാല്‍ ഡല്‍ഹി നഗരത്തിലെ ശ്യാം രസോയി എന്ന ഭക്ഷണശാലയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഒരു രൂപ കൈയിലുണ്ടെങ്കില്‍ ഇവിടെ ഭക്ഷണം റെഡി. കഴിഞ്ഞ രണ്ട് മാസമായി പ്രവര്‍ത്തിക്കുന്ന കടയില്‍ ദിവസവും ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.
രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ഇവിടെ എത്തിയാലാണ് വെറും ഒരു രൂപയ്ക്ക് ഭക്ഷണം കഴിക്കാനാകുക. ആയിരത്തോളം പാര്‍സലുകളും ദിവസവും ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ച് നല്‍കാറുണ്ട്. പര്‍വിന്‍ കുമാര്‍ ഗോയാല്‍ എന്നയാളുടേതാണ് ഈ ഭക്ഷണശാല. ആദ്യം പത്ത് രൂപയ്ക്കാണ് ഇവിടെ ഭക്ഷണം നല്‍കിയിരുന്നത്. പിന്നീടത് ഒരു രൂപയാക്കി കുറച്ചു. നല്ല വൃത്തിയായും രുചികരമായുമാണ് ഭക്ഷണം നല്‍കുന്നതെന്നാണ് കടയില്‍ സ്ഥിരമായി എത്തുന്നവര്‍ പറയുന്നത്.
ആളുകളുടെ സഹായത്തിലൂടെയാണ് ഹോട്ടല്‍ നടത്തിപ്പിനായിയുള്ള പണം കണ്ടെത്തുന്നതെന്ന് കടയുടമ ഗോയല്‍ പറഞ്ഞു. ഡിജിറ്റല്‍ പേമെന്റിലൂടെയാണ് ആളുകളുടെ സഹായമെത്തുന്നത്. ഏഴ് ദിവസത്തില്‍ കൂടുതല്‍ ഭക്ഷണം നല്‍കാനുള്ള സാധനങ്ങളാണ് ഇപ്പോള്‍ കൈവശമുള്ളത്. അതുകഴിഞ്ഞും ഈ സേവനം തുടരാന്‍ ഞങ്ങള്‍ക്ക് ആളുകളുടെ സഹായം ആവശ്യമാണ്.’ ഗോയാല്‍ പറഞ്ഞു.
ആറ് പേരാണ് ഹോട്ടല്‍ ജോലികള്‍ ചെയ്യാനായി ഉള്ളത്. ഇവര്‍ക്ക് ദിവസം 300 മുതല്‍ 400 രൂപവരെയാണ് ശമ്പളം നല്‍കുന്നത്. കടയിലെത്തുന്ന ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ശമ്പളവും കൂട്ടിനല്‍കും. അടുത്തുള്ള കോളജിലെ കുട്ടികളും ചിലസമയങ്ങളില്‍ സഹായിക്കാനായി എത്താറുണ്ടെന്ന് ഗോയല്‍ പറഞ്ഞു.