X

വനിത ഹോട്ടലില്‍ അക്രമം നടത്തി പണം കവര്‍ന്ന മഹാരാജാസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം നോര്‍ത്ത് എസ്.ആര്‍.എം റോഡില്‍ വനിതകള്‍ നടത്തുന്ന ഹോട്ടലില്‍ കയറി അതിക്രമം നടത്തുകയും പാത്രങ്ങള്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും പണം അപഹരിക്കുകയും ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന മൂന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി കൊല്ലം ആയൂര്‍ സ്വദേശി ശ്രീനിലയം വീട്ടില്‍ നിഖില്‍ (21), രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ഥി എഴുപുന്ന സ്വദേശി പുത്തന്‍ തറ വീട്ടില്‍ നന്ദു (19), രണ്ടാം വര്‍ഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി ഞാറക്കല്‍ സ്വദേശി തുമ്പപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ (25), രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ഥി ചേര്‍ത്തല സ്വദേശി കേശവ നിവാസില്‍ ശ്രീകേഷ് (20), രണ്ടാം വര്‍ഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി അര്‍ത്തുങ്കല്‍ സ്വദേശി ആര്യശേരി വീട്ടില്‍ ജെന്‍സണ്‍ (18), രണ്ടാം വര്‍ഷ മലയാളം വിദ്യാര്‍ഥി മുടിക്കല്‍ സ്വദേശി കുന്നത്ത് വീട്ടില്‍ മനു (19), രണ്ടാം വര്‍ഷ മാത്‌സ് വിദ്യാര്‍ഥി ഇടപ്പള്ളി സ്വദേശി കിഴവന പറമ്പില്‍ വീട്ടില്‍ നിതിന്‍ ദാസ് (20) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച മഹാരാജാസ് ഹോസ്റ്റലില്‍ നടന്ന ഓണാഘോഷ പരിപാടിക്ക് 455 പേരുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ജെന്‍സണ്‍ ആണ് ആദ്യം ഹോട്ടലില്‍ വന്നത്. തുടര്‍ന്ന് 90 രൂപയ്ക്കു ഭക്ഷണം നല്‍കാന്‍ തീരുമാനിക്കുകയും 28000 രൂപ അഡ്വാന്‍സ് ആയി നല്‍കുകയും ചെയ്തു. ശനിയാഴ്ച രാവിലെ ജെന്‍സണ്‍ ഉള്‍പ്പെടെയാണ് ഹോട്ടലില്‍ നിന്നും 68 പാത്രങ്ങളിലായി ഭക്ഷണം പാക്ക് ചെയ്തത്.

അവിടെ നിന്നും ഉച്ചക്ക് ഒരു ഓട്ടോയില്‍ ഭക്ഷണം ഹോസ്റ്റലില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന ഉച്ചക്ക് രണ്ടര മണിയോടെ പ്രതികളായ ഏഴുപേരും ഹോട്ടലില്‍ എത്തി കൊണ്ടുപോയ ഭക്ഷണം 150 പേര്‍ക്ക് പോലും തികഞ്ഞില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ കയറി അതിക്രമം കാണിക്കുകയായിരുന്നു.

തങ്ങള്‍ എസ്.എഫ്.ഐക്കാരാണെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമ ശ്രീകലയെയും മറ്റു വനിതാ ജീവനക്കാരെയും ഭീഷണിപെടുത്തുകയും പാത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. അഡ്വാന്‍സ് തുക തിരിച്ചു ചോദിച്ചപ്പോള്‍ വിസമ്മതിച്ചതിന് ഹോട്ടലുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 20000 രൂപ കൈക്കലാക്കി സംഘം അവിടെ നിന്നും കടന്നു കളയുകയായിരുന്നു. രാത്രിയോടെ ഹോസ്റ്റലില്‍ പാത്രങ്ങള്‍ എടുക്കാന്‍ ചെന്നപ്പോഴാണ് കൊണ്ടുപോയ ഭക്ഷണ പാത്രങ്ങളില്‍ പകുതിയും തുറന്നിട്ട് പോലുമില്ലെന്ന കാര്യം മനസിലായത്.

തുടര്‍ന്ന് ഹോട്ടലുടമ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. എറണാകുളം നോര്‍ത്ത് എസ്.എച്ച്.ഒ സിബി ടോം, എസ്.ഐമാരായ അനസ്, ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റ് ചെയ്തതെങ്കിലും കോളജ് വിദ്യാര്‍ഥികളെന്ന പരിഗണനയില്‍ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചതായി പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നഷ്ട പരിഹാരം കിട്ടുന്നതിനായി ഹോട്ടല്‍ ഉടമ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സി.പി.എം പാര്‍ട്ടി നേതൃത്വവുമായി ഇടപെട്ടിട്ടും പ്രശ്‌ന പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്.

Test User: