X

വേനല്‍ കടുക്കുന്നു: സൂര്യാഘാതം, ജലജന്യ രോഗങ്ങള്‍ എന്നിവക്കെതിരെ ജാഗ്രതപാലിക്കണം

അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.

സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, നേര്‍ത്ത, വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുക.

സൂര്യാഘാതമേറ്റാല്‍ എന്ത് ചെയ്യും..?

വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറുക. തണുത്തവെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെള്ളം കുടിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക. പൊള്ളിയഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തുക.

ചൂട് കൂടുമ്പോള്‍ നിര്‍ജലീകരണം ഉണ്ടാവാതെ നോക്കണം

ചൂട് കൂടുമ്പോള്‍ ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടും. തിളപ്പിച്ചാറിയ വെള്ളം, നാരങ്ങാവെള്ളം, മോരിന്‍വെള്ളം തുടങ്ങിയവ കുടിച്ച് താപശരീര ശോഷണത്തില്‍നിന്ന് രക്ഷ നേടാം. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും ഇരുത്തിയിട്ട് പോകാതിരിക്കുക. ദാഹം തോന്നിയില്ലെങ്കില്‍ പോലും ഒരോ മണിക്കൂര്‍ കൂടുമ്പോള്‍ 2-4 ഗ്ലാസ്സ് വെള്ളം കുടിക്കുക. പുറത്ത് ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 11 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമവേളയായി ക്രമീകരിക്കുക. അധികനേരം വെയിലേല്‍ക്കാതെ നോക്കാം. ധാരാളം വെള്ളം കുടിക്കുക. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക

വേനല്‍ക്കാലം രൂക്ഷമായതോടെ ജില്ലയിലെ മിക്കഭാഗങ്ങളിലും ശുദ്ധജലക്ഷാമം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ അവസരത്തില്‍ ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ഷിഗെല്ലോസിസ്, മഞ്ഞപ്പിത്തം തുടങ്ങിയവ ബാധിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

എങ്ങനെ തടയും?

• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
• കിണറുകളും ജലസ്രോതസ്സുകളും ശരിയായ വിധം ക്ലോറിനേറ്റ് ചെയ്യുക
• ഭക്ഷണ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പു വരുത്തി മാത്രം കഴിക്കുക
• കൈകളുടെ വൃത്തി, ശരീര ശുചിത്വം എന്നിവ കര്‍ശനമായി പാലിക്കുക
• വീടും പരിസരവും ശുചിത്വ പൂര്‍ണ്ണമായി സൂക്ഷിക്കുക
• രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക.

കൊതുകുജന്യ രോഗങ്ങളെയും കരുതിയിരിക്കുക

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം ശേഖരിച്ചു വെക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങള്‍ അടച്ചു സൂക്ഷിക്കുക. അല്ലാത്തപക്ഷം അതില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതിനും അതുവഴി ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ കൊതുക്ജന്യ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.ശേഖരിച്ചു വെക്കുന്ന വെള്ളം തിളപ്പിച്ചതിനു ശേഷം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.

webdesk11: