X
    Categories: MoreViews

ഹോട്ട് ഡോഗിന്റെ പേരു മാറ്റണമെന്ന് മലേഷ്യന്‍ സംഘടന

വെസ്റ്റേണ്‍ രുചിയാസ്വാദകരുടെ ഇഷ്ട വിഭവമായ ‘ഹോട്ട് ഡോഗി’ന്റെ പേരു മാറ്റാന്‍ നിര്‍ദ്ദേശവുമായ മലേഷ്യന്‍ സംഘടന. മലേഷ്യന്‍ സര്‍ക്കാറിന്റെ തന്നെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ഡിപ്പാട്ടുമെന്റാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. രാജ്യത്ത് എത്തുന്ന മുസ്‌ലിം ടൂറിസ്റ്റുകള്‍ക്ക് വിഭവത്തിന്റെ പേരില്‍ സംശയം വരുന്നതാണ് കാരണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സിറാജുദ്ദീന്‍ സുഹൈമി അറിയിച്ചു.

ഇസ്‌ലാമില്‍ നായ വര്‍ഗത്തെ, തൊട്ടാല്‍ അശുദ്ധമാവുന്ന ജീവിയായാണ് കണക്കാക്കുന്നത്. അത്തരമൊരു ജീവിയുടെ പേര് ഭക്ഷണ വിഭവത്തിന് നല്‍കുന്നതിലുള്ള പ്രശ്‌നമാണ് പേരു മാറ്റല്‍ നിര്‍ദ്ദേശത്തിനുള്ള കാരണം. നായയുടെ പേരിലുള്ള ഭക്ഷണത്തിന് രാജ്യത്തെ ഭക്ഷ്യ വകുപ്പിന്റെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടില്ലെന്നും സുഹൈമി വ്യക്തമാക്കി.

മലേഷ്യന്‍ ഹലാല്‍ ഭക്ഷണ നിയമാവലിയില്‍ ഭക്ഷണ വിഭവത്തില്‍ ഉപയോഗിക്കുന്ന പദാര്‍ഥങ്ങള്‍ പേരു കൊണ്ടോ മറ്റോ പോലും ഇസ്‌ലാമികമായി നിശിദ്ധമാക്കപ്പെട്ട വസ്തുക്കളുമായി ബന്ധപ്പെട്ടത് ആകരുത്. അത്തരം പദാര്‍ത്ഥങ്ങള്‍ ഉപഭോഗ്ത്തക്കളില്‍ സംശയമുണ്ടാക്കും എന്നതിനാലാണ് ഇത്തരമൊരു നിയമമെന്നും സുഹൈമി മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്‍ വിഷയത്തില്‍ മലേഷ്യന്‍ ടൂറിസം മന്ത്രി നസ്‌രി അസീസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ നിന്നും വന്ന നാമമാണ് ‘ഹോട്ട് ഡോഗ്’. അതിന്റെ പേരു മാറ്റണമെന്ന വാദം പിന്തിരിപ്പന്‍ രീതിയാണെന്ന് നസ്‌രി പറഞ്ഞു. ‘ഹോട്ട് ഡോഗ്’, ഹോട്ട് ഡോഗ് തന്നെയാണെന്നും അതല്ലാത്ത വാദങ്ങള്‍ വിഡ്ഢിത്തപരമാണെന്നും മന്ത്രി വ്യക്തമാക്കി.

ഞാനൊരു മുസ്‌ലിമാണെന്നും മാലേഷ്യയില്‍ കാലമേറെയായി ഹോട്ട് ഡോഗ് വില്‍പ്പനയില്‍ ഉണ്ടെന്നും ഇത്തരം വാദത്തില്‍ വിശ്വസിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം മലേഷ്യന്‍ സാമൂഹ മാധ്യമങ്ങളില്‍ ‘ഹോട്ട് ഡോഗ്’ വിഷയം വന്‍ വിവാദമായി കഴിഞ്ഞു. നാമ മാറ്റ വിഷയത്തെ പരിഹസിച്ചും ഹോട്ട് ഡോഗ് തീറ്റ ആഘോഷിച്ചും ട്രോളുകളും രംഗത്തെത്തി.

chandrika: