X

ആതിഥേയരായ ഖത്തറും അതിഥിയായ സെനഗലും ഇന്ന് നേര്‍ക്കുനേര്‍

ലോകപ്പില്‍ ഇന്ന് മുതല്‍ പ്രാഥമിക റൗണ്ടിലെ രണ്ടാം മല്‍സരങ്ങള്‍ക്ക് തുടക്കം. ആദ്യ കളികളില്‍ പരാജയപ്പെട്ട ആതിഥേയരായ ഖത്തറിനും അയല്‍ക്കാരായ ഇറാനും ഇന്ന് നിര്‍ണായക മല്‍സരങ്ങള്‍. ജയിച്ചാല്‍ മാത്രമാണ് അവര്‍ക്ക് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താനാവുക.

ദേഹ നഗരമധ്യത്തിലെ അല്‍ തുമാമയില്‍ ഇന്ന് ഖത്തറികള്‍ മുഴുവനെത്തും. സ്വന്തം ടീമിന്റെ രണ്ടാമത് മല്‍സരം, ആദ്യ കളിയില്‍ അല്‍ബൈത്തില്‍ ഇക്വഡോറിന് മുന്നില്‍ രണ്ട് ഗോളിന് തകര്‍ന്നു പോയവര്‍. ആ തോല്‍വി ആതിഥേയര്‍ എന്ന നിലയില്‍ ഖത്തറിന് വലിയ ക്ഷീണമായിരുന്നു. ഇന്ന് രണ്ടാം മല്‍സരത്തില്‍ ഇക്വഡോറിനെക്കാള്‍ കരുത്തരായ സെനഗലാണ് പ്രതിയോഗികള്‍. പക്ഷേ ഖത്തറികള്‍ കരുതുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സഊദി അറേബ്യയും ജപ്പാനും കരസ്ഥമാക്കിയ വിജയങ്ങള്‍ സ്വന്തം ടീമിന് ഊര്‍ജ്ജമായിട്ടുണ്ടെന്നാണ്.

ഇന്ന് തോറ്റാല്‍ പുറത്താവുമെന്നിരിക്കെ ഖത്തറിന്റെ ഗെയിം പ്ലാനില്‍ ജയം മാത്രമാണെന്ന് കോച്ച് ഫെലിക്‌സ് വിശദീകരിക്കുന്നു. രാജ്യത്തെ വന്‍കരാ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് അദ്ദേഹം. പക്ഷേ തോറ്റാല്‍ പുറത്താണ്. മൂന്നാം മല്‍സരത്തില്‍ കാര്യമില്ല. സെനഗലും ആദ്യ മല്‍സരം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ അവസാന സമയ ഗോളില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. സാദിയോ മാനേ എന്ന കരുത്തനായ നായകനെ കൂടാതെയാണ് ടീം ഇറങ്ങുന്നത്. പക്ഷേ കോച്ച് അലി സിസേ പതിവ് പോലെ ആത്മവിശ്വാസത്തിലാണ് സംസാരിക്കുന്നത്.

Test User: