ഗസ്സ: സകല മേഖലയിലും ഉപരോധം കടുപ്പിച്ച് വലിഞ്ഞുമുറുക്കിയ ഗസ്സക്കുമേല്‍ വിശ്രമമില്ലാത്ത തീതുപ്പല്‍ തുടര്‍ന്ന് ഇസ്രാഈലിന്റെ ബോംബര്‍ വിമാനങ്ങള്‍. പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ഫലസ്തീനികളാണ് ഇന്നലേയും ഈസ്രാഈല്‍ ആക്രമണത്തില്‍ പിടഞ്ഞു വീണത്. ഇതിനിടെ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഗസ്സയെ കരമാര്‍ഗം ആക്രമിക്കാനുള്ള ഒരുക്കത്തിന് ഇസ്രാഈല്‍ വേഗം കൂട്ടി. ഏതു സമയത്തും കരയുദ്ധം ആരംഭിച്ചേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 3,60,000 സൈനികരെയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.
അതേസമയം വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഗസ്സയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. ശനിയാഴ്ച ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രാഈല്‍ തുടങ്ങിയ സൈനിക നടപടിയില്‍ 1055 ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 5184 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ഫലസ്തീനി ആരോഗ്യ പ്രവര്‍ത്തകരും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 1,87,000 ഫലസ്തീനികളാണ് ഭവന രഹിതരാക്കപ്പെട്ടത്. ഗസ്സയിലെ യു.എന്‍ സ്‌കൂളിലും ആശുപത്രികളിലും അഭയം തേടിയിരിക്കുന്ന ജനങ്ങള്‍ കടുത്ത യാതനയാണ് അനുഭവിക്കുന്നത്.
ഇതിനിടെ ഭക്ഷണവും വെള്ളവും വൈദ്യുതിയും നിലച്ച്, ആശയ വിനിമയ സംവിധാനങ്ങള്‍ അറ്റ്, മാനവിക മഹാദുരന്തത്തിന്റെ വക്കിലാണ് ഗസ്സയെന്ന് മേഖലയില്‍നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വെളിപ്പെടുത്തുന്നു. സിവിലിയന്‍ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുന്നതെന്നും ഇതിന് തടയിടാന്‍ ലോകരാഷ്ട്രങ്ങള്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഗസ്സയിലെ ഷിഫ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ”ഞങ്ങള്‍ കടുത്ത യാതനയിലാണ്. എന്നാല്‍ ലോകം ഒരു വിരല്‍ പോലും ഉയര്‍ത്തുന്നില്ല. ഇതൊരു അടിയന്തര സഹായം തേടിക്കൊണ്ടുള്ള സന്ദേശമാണ്. നിങ്ങള്‍ ഞങ്ങളെ സഹായിക്കണം” മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഡോക്ടര്‍മാര്‍ യാചിച്ചു. ”ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നോ നാലോ ദിവസം മാത്രമേ ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയൂ. അതു കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും” – ഡോക്ടര്‍മാര്‍ പറയുന്നു.
വെസ്റ്റ്ബാങ്കിലും ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. 23 പേരാണ് വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരിക്കേറ്റു. ലബനന്‍ ഗ്രാമങ്ങള്‍ക്കു നേരെയും ഇസ്രാഈല്‍ ഇന്നലെ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഹമാസിന് പിന്തുണ നല്‍കുന്ന ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ഉന്നം വെച്ചാണ് ആക്രമണമൈന്നാണ് ഇസ്രാഈല്‍ അവകാശവാദം.ഇതിനിടെ ഗസ്സയിലേക്ക് സന്നദ്ധ സഹായം എത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി ഈജിപ്ഷ്യന്‍ ഭരണകൂടം വ്യക്തമാക്കി. അമേരിക്കയുമായി സഹകരിച്ച് താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ അതിര്‍ത്തികള്‍ വഴി സഹായം എത്തിക്കാമെന്നാണ് ഈജിപ്തിന്റെ നിലപാട്. സിനായ് മുനമ്പിലെ റഫ ബോര്‍ഡര്‍ വഴി സഹായം എത്തിക്കാനാണ് നീക്കം.
ഇതിനിടെ ഗസ്സയിലെ നിരപരാധികള്‍ക്കുമേല്‍ ആക്രമണം തുടര്‍ന്നാല്‍ റോക്കറ്റ് ഉപയോഗിച്ച് ഇസ്രാഈലിന്റെ ബെന്‍ഗുരിയന്‍ രാജ്യാന്തര വിമാനത്താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ് സൈനിക വിങ് ആയ അല്‍ഖസം ബ്രിഗേഡ് രംഗത്തെത്തി. ഗസ്സ അതിര്‍ത്തിയോടു ചേര്‍ന്ന ഇസ്രാഈലി പട്ടണമായ അഷ്‌കലോണിനു നേരെ അല്‍ഖസം ബ്രിഗേഡ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.