കോഴിക്കോട്: മെഡിക്കല്‍ കോളജ് ഉള്‍പെടെ വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. മലപ്പുറം കിഴിശേരി സ്വദേശിനിയായ 22കാരിയുടെ കുട്ടികളാണ് മരിച്ചത്. കോഴിക്കേട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. യുവതിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവ വേദന വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. ഇതേ ആശുപത്രിയില്‍ തന്നെയായിരുന്നു യുവതി കോവിഡ് പോസിറ്റിവായി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കിയയച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സക്കായി ചെന്നെങ്കിലും തടഞ്ഞു. മുമ്പ് കോവിഡ് വന്നതിനാലായിരുന്നു ആശുപത്രി ചികിത്സ നിഷേധിച്ചത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല.പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ റിസല്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഓടി ഓടി അവശയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂര്‍ കഴിഞ്ഞു. സമയം വൈകിയതോടെ ഇവിടെ വച്ച് മരിക്കുകയായിരുന്നു.
യുവതി മുമ്പ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് പോസിറ്റിവായി ചികിത്സയിലായിരുന്നു. പിന്നീട് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റിവായതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. തുടര്‍ന്നും കോവിഡ് ബാധിച്ചിരുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രി തഴയുകയായിരുന്നു.