തിരുവനന്തപുരം: ഡോ. വന്ദന കൊല്ലപ്പെട്ടതിനു പിന്നാലെ സര്‍ക്കാര്‍ തയാറാക്കുന്ന ആശുപത്രി സംരക്ഷണ നിയമത്തിന്റെ ഓര്‍ഡിനന്‍സിന് നാളെ ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും. ഡോക്ടര്‍മാരും ആരോഗ്യ, ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓര്‍ഡിനന്‍സ് തയാറാക്കുന്നത്. എന്നാല്‍ ഭേദഗതി ബില്‍ നിയമസഭയിലെത്തുമ്പോള്‍ കൂടുതല്‍ കര്‍ശനമായി വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും അസഭ്യവും വരെ ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ് ഓര്‍ഡിനന്‍സ് തയാറാക്കുന്നതെന്നാണ് സൂചന. അതിക്രമങ്ങളില്‍ ശിക്ഷ ഏഴുവര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചുമാണ് ഓര്‍ഡിനന്‍സ് ഒരുങ്ങുന്നത്. നിയമവകുപ്പ് കൂടി പരിശോധിച്ച ശേഷമാകും ഓര്‍ഡിനന്‍സ് പുറത്തിറക്കുക.കായികമായ അതിക്രമങ്ങള്‍ മാത്രമല്ല, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം വരെ നിയമത്തില്‍ പെടുത്തണമെന്നായിരുന്നു ഡോക്ടര്‍മാരുടെ സംഘടനകളുടെ ആവശ്യം.