X

പ്രതീക്ഷ നല്‍കുന്ന നീക്കങ്ങള്‍

ഉബൈദ് കോട്ടുമല

മുഖ്യ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സോണിയ ഗാന്ധിയെ കണ്ടതും കോണ്‍ഗ്രസില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാല്‍ പിന്‍മാറിയതും ഈ അടുത്ത കാലത്താണ്. ഗുജറാത്ത് വംശഹത്യക്ക് ശേഷം നരേന്ദ്ര മോദിയെ പുണ്യപുരുഷനായും വികസന നായകനായും മാറ്റി അവതരിപ്പിച്ച് പ്രധാനമന്ത്രി പദത്തിലെത്തിച്ചത് പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. മാത്രവുമല്ല, ഡല്‍ഹിയില്‍ കെജ്‌രിവാള്‍, ബീഹാറില്‍ നിതീഷ്‌കുമാര്‍, ആന്ദ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി, ബംഗാളില്‍ മമത ബാനര്‍ജി, തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്‍, തുടങ്ങിയ സര്‍ക്കാറുകളെല്ലാം ഈ തന്ത്രത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ടതാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2017-ല്‍ യു.പിയില്‍ കോണ്‍ഗ്രസിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടത്. മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ഭരണം നേടാന്‍ കഴിയില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നുണ്ട്.

2024 ല്‍ കോണ്‍ഗ്രസിലൂടെ മതേതര കക്ഷികളുടെ ഒരു മുന്നേറ്റം സാധ്യമാകുമെന്ന പ്രശാന്ത് കിഷോറിന്റെ നിഗമനം ശരിവെക്കുന്നതാണ് ദേശീയ തലത്തില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെന്ന് വേണം അനുമാനിക്കാന്‍. ഉയിര്‍ത്തെഴുനേല്‍പ്പ് സാധ്യമല്ലാത്ത ഒരു പാര്‍ട്ടിയിലേക്ക് അദ്ദേഹത്തെ പോലുള്ള വ്യക്തികള്‍ ചേക്കേറാന്‍ ആഗ്രഹം പ്രകടിപ്പിക്കില്ലെന്നത് തീര്‍ച്ചയാണ്. ദേശീയ തലത്തില്‍ ഐക്യപ്പെട്ട് വരുന്ന പ്രതിപക്ഷ കൂട്ടായ്മ ഈ ശുഭസൂചനയിലേക്കാണ് വെളിച്ചം വീശുന്നത്. പ്രതിപക്ഷ നേതൃനിരയില്‍ കോണ്‍ഗ്രസ് ഉണ്ടാകണമെന്ന് ശരത് പവാറും നിതീഷും ലാലുവും മുലായവും സ്റ്റാലിനും എല്ലാം തുറന്ന് സമ്മതിക്കുന്നുമുണ്ട്. മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, ഓംപ്രകാശ് ചൗതാല, ചന്ദ്രശേഖര റാവു എന്നിവരെ ഈ കൂട്ടായ്മയിലേക്കെത്തിക്കാന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ശ്രമവും നടന്ന് വരികയാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള ഈ മുന്നേറ്റത്തില്‍ അണിനിരക്കുക എന്നത് തന്നെയാണ് മതേതര കക്ഷികള്‍ക്ക് നിര്‍വഹിക്കാനുള്ള ദൗത്യം. 31 ശതമാനം മാത്രം വോട്ട് നേടിയ ബി.ജെ.പിയാണ് 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. 69 ശതമാനം വോട്ടും നേടിയത് മതേതര കക്ഷികളാണ്. 2019 ലും സ്ഥിതി വ്യത്യസ്തമല്ല. 39 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ടുവിഹിതം. എന്നിട്ടും ബി.ജെ.പി അധികാരം നിലനിര്‍ത്തി. ബി.ജെ.പി വിജയിച്ചതല്ല, മറിച്ച് മതേതര കക്ഷികളുടെ ശിഥിലീകരണം അവരെ പരാജയപ്പെടുത്തുകയായിരുന്നു. 2022-ലെ യു.പി തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനയും മറ്റൊന്നല്ല. 40 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പി യു.പിയില്‍ സമാഹരിച്ചത്. എന്നിട്ടും യോഗി അധികാരത്തില്‍ തിരിച്ച് വരിക യായിരുന്നു. പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുടെ ആകെ വോട്ട് മൂല്യം 48 ശതമാനമായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ 68 ശതമാനമായി ഉയരുകയാണുണ്ടായത്. മതേതര കക്ഷികളില്‍ പലരും ബി.ജെ.പിയെ പിന്തുണക്കുകയായിരുന്നു. പ്രതിപക്ഷ ഐക്യം തന്നെയാണ് ബി.ജെ.പിയെ തളക്കാനുള്ള ഒറ്റമൂലി എന്നതില്‍ സംശയമില്ല.

വെറുപ്പിന്റെ രാഷ്ട്രീയം തുറന്ന് കാട്ടി 150 ദിവസം 3570 കി.മീ കാല്‍നട യാത്ര നടത്താനുള്ള രാഹുലിന്റെ ആര്‍ജ്ജവം അംഗീകരിച്ചേ മതിയാകൂ. പ്രധാനമന്ത്രി പദത്തിലേക്കല്ല ഈ യാത്ര രാഹുല്‍ നടത്തുന്നത്. അധികാര ത്തിലെത്താന്‍ കോണ്‍ഗ്രസിന് ഒരു വീദൂര സാധ്യതപോലും ഇല്ലാത്ത സമയത്താണ് രാഹുലിന്റെ യാത്ര എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിക്കുന്ന നിരാശാജനകമായ ഒരു സന്ദര്‍ഭത്തില്‍ മറ്റൊരു ഭാരതം സാധ്യമാകുമോ എന്ന ചോദ്യം ഉയരേണ്ടതുണ്ട്. ഈ ചോദ്യം ഉയര്‍ത്തി രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കാല്‍നട യാത്ര നടത്താന്‍ ഒരാള്‍ തയാറാകുന്നു എന്നതാണ് ഭാരത് ജോഡോ യാത്രയുടെ ഏറ്റവും വലിയ സന്ദേശം. രാഹുലിന്റെ ശബ്ദമടക്കലാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെപിക്കെതിരെ വീറോടെ പോരാടിയ മമതയെ അടക്കം മൗനിയാക്കിയ ഇ.ഡിയും സി.ബി.ഐയും രാഹുലിന്റെ മുന്നില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. ഒന്നിനെയും രാഹുല്‍ ഭയക്കുന്നില്ല. സച്ചിനും ഗലോട്ടും തമ്മിലുള്ള മത്സരവും ഗോവയില്‍ എം.എല്‍.എമാരുടെ ചാഞ്ചാട്ടവും പ്രസിഡണ്ട് തിരഞ്ഞെടുപ്പും ഒന്നും അദ്ദേഹത്തെ അസ്വസ്തനാക്കുന്നില്ല. ആരെയും വകവെക്കാതെ തന്റെ ദൗത്യം തിരിച്ചറിഞ്ഞ് അത് ഭംഗിയായി നിര്‍വഹിക്കുകയാണ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയില്‍ നിന്നും നേതാക്കള്‍ കൂറുമാറുമ്പോഴും അദ്ദേഹം നിരാശനാകുന്നില്ല. നിരാശപ്പെടുത്താന്‍ ശ്രമിക്കുന്നവരോട് ഒറ്റ വാക്ക് മാത്രമേ രാഹുലിന് പറയാനുള്ളൂ. എത്ര നേതാക്കള്‍ പാര്‍ട്ടിവിട്ട് പോയാലും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ രാജ്യത്തിന്റെ തെരുവില്‍ ഒരു ഒറ്റയാള്‍ പട്ടാളമായി താനുണ്ടാകും.

ഒരു വ്യക്തിയുടെ രാഷ്ട്രീയ വീക്ഷണം എന്തെന്നറിയാന്‍ ഒറ്റ മാര്‍ഗമേയുള്ളൂ. രാഷ്ട്രീയത്തില്‍ അയാള്‍ ആര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും എഴുതുന്നതും എന്ന് നോക്കുക. അങ്ങിനെയെങ്കില്‍ രാഹുലിന്റെ ഏറ്റവും വലിയ ശത്രു ബി.ജെ.പിയും സി.പി.എമ്മിന്റെ ഏറ്റവും വലിയ ശത്രു രാഹുലുമായി മാറുന്നതാണ് കാണാന്‍ കഴിയുക. ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ കണ്ടെയ്‌നര്‍ യാത്രയെന്ന് പരിഹസിച്ചത് സി.പി.എമ്മാണ്. ബി.ജെ.പിയാകട്ടെ രാഹുലിന്റെ ടീ ഷര്‍ട്ടാണ് ആയുധമാക്കിയത്. ബി.ജെ.പിയും സി.പി.എമ്മും ഒരേ സ്വരത്തിലാണ് രാഹുലിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നത്. പലപ്പോഴും രാഹുല്‍ വിരോധത്തില്‍ ബി.ജെ.പിയെ മറികടക്കുകയാണ് സി.പി.എം നേതാക്കളും അനുയായികളും. കര്‍ണാടകയില്‍ പ്രവേശിച്ച രാഹുല്‍ ഓം മുദ്രയുള്ള കാവി ഷാള്‍ അണിഞ്ഞുവെന്ന വ്യാജ പ്രചരണം നടത്തിയത് സി.പി.എം സൈബറുകളാണ്. 2022 മാര്‍ച്ചില്‍ യു.പി സന്ദര്‍ശന വേളയിലെ ചിത്രം ഉപയോഗിച്ചാണ് ഈ വ്യാജ പ്രചരണമെന്നത് മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കേരളത്തെ തീവ്രവാദത്തിന്റെ ഹോട്‌സ്‌പോര്‍ട്ട് എന്ന് ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദ വിശേഷിപ്പിച്ചിട്ടും മറുപടി പറയാന്‍ കഴിയാത്ത ഇടതുപക്ഷം രാഹുലിന്റെ ഭക്ഷണത്തെയും അപഹസിക്കുകയായിരുന്നു. പരിഹാസം ഗുണം ചെയ്യില്ലെന്ന് മനസിലാക്കിയ കേന്ദ്ര നേതൃത്വം മുന്നറിയിപ്പുമായി രംഗത്തുവന്നിട്ടും സി.പി.എം സൈബര്‍ പോരാളികള്‍ക്ക് രാഹുലിനോടുള്ള കലി തീരുന്നുമില്ല.

ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ കേരളത്തെക്കാള്‍ വലിയ സ്വീകാര്യതയാണ് യാത്രക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഡി.കെ ശിവകുമാര്‍ എന്ന ഉരുക്കു മനുഷ്യനെ യാത്രയുടെ ദിവസവും അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുകയാണ്. വേട്ടക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത രാഹുലും ഡി.കെയും മുന്നില്‍ നിന്ന് നയിക്കുന്ന യാത്ര വലിയ സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നതെങ്കിലും സച്ചിന്‍ പൈലറ്റും ഗലോട്ടും തമ്മിലുള്ള പൊരുത്തക്കേടുകളും പാര്‍ട്ടി പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കൈവിട്ട ജനാധിപത്യത്തിലേക്ക് പോകുമോ എന്ന ആശങ്കയും മതേതര കക്ഷികളില്‍ ഭീതി പരത്തുന്നുണ്ട്. എല്ലാറ്റിനെയും അതിജീവിച്ച് മുന്നേറാന്‍ കോണ്‍ഗ്രസ് പ്രാപ്തമാകേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യ വിലപേശല്‍ നടത്തി മതേതര കക്ഷികള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കി ബി.ജെ.പിയെ ഭരണത്തിലെത്താന്‍ സഹായിച്ച ‘യു.പി മോഡല്‍ തന്ത്രങ്ങളില്‍’ നിന്നും കോണ്‍ഗ്രസ് പിന്മാറേണ്ടതുണ്ട്. കര്‍ണാടകയില്‍ കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കിയ അതേ നയം സ്വീകരിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികള്‍ക്ക് നിരുപാധികം പിന്തുണ നല്‍കികൊണ്ടുള്ള വിട്ടുവീഴ്ചകള്‍ക്ക് കളമൊരുക്കി രാഷ്ട്രീയ ത്യാഗത്തിന് കോണ്‍ഗ്രസ് തയാറായാല്‍ ബി.ജെ.പി മുക്ത ഭാരതമെന്ന മതേതര കക്ഷികളുടെ ആഗ്രഹത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ കോണ്‍ഗ്രസിനു കഴിയുമെന്നത് തീര്‍ച്ചയാണ്.

Test User: