X

പ്രതീക്ഷയുടെ പുതുവര്‍ഷം-എഡിറ്റോറിയല്‍

ഇന്ന് പുതുവത്സരാരംഭം. ഓരോ പുതുവത്സരവും പ്രതീക്ഷകളുടേതും ഒപ്പം പ്രതിജ്ഞകളുടേതുമാണ്. ശുഭാപ്തി വിശ്വാസത്തോടെയും ജീവിതത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കാനുള്ള പ്രതിജഞകളോടെയും നമുക്ക് പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കാം. പോയ കാലത്തിന്റെ നന്മകളെ കൂടെകൂട്ടുന്നതോടൊപ്പം തിക്താനുഭവങ്ങളെ മാഴ്ച്ചുകളയുകയും ചെയ്യാം. പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. പ്രതിജ്ഞകളാകട്ടെ അവനെ കൂടുതല്‍ കര്‍മനിരതനാക്കുകയും ചെയ്യുന്നു. ക്രിയാത്മകമായ പ്രതിജ്ഞകളുടേതും അതിന്റെ പ്രായോഗിക വല്‍ക്കരണത്തിന്റെയും കൂടി കാലമാവണം പുതിയ കാലമെന്ന് പോയ കാലത്തിന്റെ അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ലാത്ത സാഹചര്യങ്ങളെയാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും നാം കണ്ടുമുട്ടിയത്. മറന്നുപോയ പലതിനെയും ഓര്‍മിച്ചതിനൊപ്പം കുറേയധികം മുന്നറിയിപ്പുകളും കോവിഡ് മഹാമാരി നമുക്ക് നല്‍കുകയുണ്ടായി. ആ ഓര്‍മപ്പെടുത്തലുകളും മുന്നറിയിപ്പുകളും ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്തിയെടുക്കുകയെന്ന ഉത്തരവാദിത്തം പുതിയ കാലം നമ്മില്‍ അര്‍പ്പിക്കുന്നുണ്ട്.

മലയാളികളെ സംബന്ധിച്ചടുത്തോളം ആരോഗ്യ കാര്യത്തിലുള്ള ശ്രദ്ധ നമ്മുടെ പ്രതിജ്ഞകളില്‍ തീര്‍ച്ചയായും ഇടംപിടിക്കേണ്ട ഒന്നായി മാറിയിട്ടുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ പ്രായഭേദങ്ങളില്ലാതെ കേരളീയരെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. ഹൃദയാഘാത മരണങ്ങള്‍ ഇപ്പോള്‍ ഒരു ഞെട്ടല്‍പോലുമല്ലാതായി ത്തീര്‍ന്നിരിക്കുന്നു. അമിത വണ്ണവും കുടവയറുമെല്ലാം മലയാളിയെ തിരിച്ചറിയാനുള്ള അടയാളമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിട്ടയായ വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും അഭാവമാണ് ഈ ദുസ്ഥിതിക്ക് കാരണം. ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കുനുള്ള നെട്ടോട്ടത്തിനിടയില്‍ ആരോഗ്യത്തിന്റെ കാര്യം നാം മറന്നു പോകുന്നു. ഇക്കാര്യത്തിലുള്ള അവബോധം പുതുവര്‍ഷത്തില്‍ നമ്മില്‍ രൂപപ്പെട്ടേ മതിയാവൂ. വിഷം ഭക്ഷണമായി ഊട്ടേണ്ടി വരുന്ന കാലത്ത് മണ്ണിലിറങ്ങേണ്ടതിന്റെ അനിവാര്യതയും വിസ്മരിക്കാനാവില്ല.

സാമ്പത്തിക അച്ചടക്കത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ ഉയരാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ ഇന്നും അക്കാര്യത്തില്‍ നാം എത്ര മാത്രം നിരക്ഷരരാണെന്ന് കോവിഡ് കാലം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിലെ പൊങ്ങച്ചങ്ങള്‍ക്കപ്പുറം ഒരു ശരാശരി മലയാളിയുടെ കൈയ്യില്‍ അത്യാവശ്യങ്ങള്‍ക്കുള്ള വകകള്‍ പോലും കരുതലായില്ലെന്ന് ആ കാലം തെളിയിച്ചു. പലരും പട്ടിണിയേയും പരിവട്ടങ്ങളേയും മുഖാമുഖം കാണുകയുണ്ടായി. പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടാകുമ്പോള്‍ ആ പ്രദേശങ്ങളിലേക്ക് മത്സരബുദ്ധിയോടെ സഹായഹസ്തവുമായി എത്താറുള്ള നമ്മള്‍ നാട് ഒന്നടങ്കം പ്രയാസത്തിലകപ്പെട്ടപ്പോള്‍ പകച്ചുപോയി. സാമ്പത്തിക അച്ചടക്കം ശീലിക്കാനുള്ള പ്രതിജ്ഞയും നമ്മുടെ മുനഗണനാ ക്രമത്തിലുണ്ടാവേണ്ടതുണ്ട്.

സാമൂഹികാന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പുതിയ വര്‍ഷം കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. നോ എന്ന മറുപടി ഉള്‍ക്കൊള്ളാന്‍ പുതിയ തലമുറയില്‍ ഭൂരിപക്ഷത്തിനും കഴിയുന്നില്ല. പ്രണയ നൈരാശ്യത്തിന്റെയും മറ്റും പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ഇക്കാര്യം അടിവരയിടുന്നു. മനസുകള്‍ക്കിടയില്‍ രൂപപ്പെടുന്ന അകല്‍ച്ചയും അതുവഴി സമൂഹം നമുക്ക് പരിചിതമല്ലാത്ത വിധം ധ്രുവീകരിക്കപ്പെടുന്നതും കാണാതിരിക്കാന്‍ കഴിയില്ല. ലഹരിയുടെ വ്യാപനം, പ്രത്യേകിച്ച് കൗമാരക്കാരില്‍ വര്‍ധിച്ചുവരുന്നതും നാടിന്റെ ഉറക്കം കെടുത്തുന്ന കാര്യമാണ്. സാങ്കേതിക വിദ്യകളുടെയും ദുരപയോഗം, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, അതുവഴിയുണ്ടാകുന്ന ക്രൂരമായ ആക്രമണങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, വയോജനങ്ങളുടെ ഒറ്റപ്പെടല്‍ ഇത്തരം ധാരാളം സമസ്യകള്‍ പുതിയ കാലത്ത് നമ്മുടെ മുന്നിലുണ്ട്. ഇത്തരം ദുഷ്പ്രവണതകളെയെല്ലാം അഭിസംബോധന ചെയ്ത് ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന, സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുന്ന നന്മനിറഞ്ഞൊരു ലോകത്തിനുവേണ്ടി നമുക്ക് പ്രത്യാശിക്കാം, പ്രതിജ്ഞയെടുക്കാം, പ്രവര്‍ത്തിക്കാം.

 

 

Test User: