പാരീസ്: ഇന്ത്യൻ ഒളിംപിക്സ് സംഘത്തിലെ 117 പേരിൽ വ്യക്തമായ മെഡൽ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നത് ഷൂട്ടിംഗ്, ബാഡ്മിൻറൺ സംഘങ്ങൾക്കായിരുന്നു. ഷൂട്ടിംഗിൽ മനു ഭാക്കർ ഇന്ന് മറ്റൊരു മെഡലിനായി ഇറങ്ങുമ്പോൾ ബാഡ്മിൻറൺ കളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്. പുരുഷ സിംഗിൾസിൽ സെമിയിലെത്തിയ ലക്ഷ്യാ സെന്നിനെ മാറ്റിനിർത്തിയാൽ പൂർണ നിരാശ.
കഴിഞ്ഞ ദിവസം പി.വി സിന്ധുവിൻറെ മൽസരം കാണാൻ പ്രതികൂല കാലാവസ്ഥയിലും സാഹസികമായാണ് ബാഡ്മിൻറൺ വേദിയിലെത്തിയത്. പക്ഷേ ചൈനീസ് പ്രതിയോഗി ഹി ബിംഗ് ജിയാവോക്ക് മുന്നിൽ സിന്ധു എളുപ്പം കീഴടങ്ങുകയായിരുന്നു. 2016 ലെ റിയോ ഒളിംപിക്സിൽ സിന്ധുവിൻറെ ഫൈനൽ മൽസരം റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു. സ്പെയിനിൽ നിന്നുള്ള പ്രതിയോഗി കരോലിന മാരിനെതിരെ അന്ന് ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സിന്ധു കീഴടങ്ങിയത്. അന്നത്തെ ആ വെള്ളി മെഡൽ ഇന്ത്യൻ ഒളിംപിക്സ് ചരിത്രത്തിലെ കനകാധ്യായവുമായിരുന്നു. മൂന്ന് വർഷം മുമ്പ് ടോക്കിയോവിൽ സിന്ധു വെങ്കലം നേടിയത് ഇതേ ചൈനക്കാരിയെ പരാജയപ്പെടുത്തിയായിരുന്നു. തുടർച്ചയായി രണ്ട് ഒളിംപിക്സ് മെഡലുകളുമായി എത്തിയ ഹാട്രിക് മെഡൽ നേട്ടത്തിന് അർഹത നേടുമെന്നാണ് കരുതപ്പെട്ടത്.
അനുഭവ സമ്പത്തായിരുന്നു ഹൈദരാബാദുകാരിയുടെ ആയുധം. റിയോയിൽ കണ്ട സിന്ധു ആക്രമണ സന്നദ്ധയായിരുന്നു. ഇവിടെ പക്ഷേ പരുക്കുകൾ അലട്ടിയ സിന്ധുവിനെയാണ് കണ്ടത്. ബിംഗ് ജിയാവോക്കെതിരെ ആദ്യ ഗെയിമിൽ ലോംഗ് റാലികളിലായിരുന്നു സിന്ധു. ഇത് ഫലപ്രദമാവുകയും ചെയ്തിരുന്നു. 19-21 എന്ന സ്ക്കോറിനായിരുന്നു ആദ്യ ഗെയിം നഷ്ടമായത്. എന്നാൽ രണ്ടാം ഗെയിമിൽ സ്മാഷുകളായിരുന്നു സിന്ധു ആയുധമാക്കിയത്. ചൈനക്കാരിക്ക് അത് എളുപ്പവുമായി. 14-21 എന്ന സ്ക്കോറിനാണ് രണ്ടാം ഗെയിമും മൽസരവും നഷ്ടമായത്. നേരത്തെ പുരുഷ ഡബിൾസിൽ നിന്ന് സ്വാതിക്-ചിരാഗ് സഖ്യം പുറത്തായതും ഇന്ത്യക്ക് ആഘാതമായിരുന്നു. മലയാളി സാന്നിദ്ധ്യമായ എച്ച്.എസ് പ്രണോയിയും പുറത്തായതോടെ പാരീസിൽ ബാഡ്മിൻറൺ വിലാസം സെമിയിലെത്തിയ ലക്ഷ്യാസെൻ മാത്രമായി.