ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്ത് വീണ്ടും ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒരുകൂട്ടം വര്‍ഗീയവാദികള്‍. ഇവരുടെ ഇച്ഛക്കൊത്ത് തുള്ളാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് സാധാരണക്കാരും പാവപ്പെട്ടവരുമായ ഒരുകൂട്ടം ജനത. ഉത്തര്‍പ്രദേശിലെ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിഷ പ്രചാരണങ്ങളാണ് മൂന്നു പതിറ്റാണ്ടുമുമ്പ് ആ പുരാതനപള്ളിയുടെ തകര്‍ക്കലിലെത്തിച്ചതും രാജ്യത്ത് ചോരപ്പുഴയൊഴുക്കിയതും. ബാബരി കേസിലെ 2019 നവംബറിലെ വിധിയുടെ നീറ്റല്‍ ഇന്നും മാറിയിട്ടില്ലാതിരിക്കെ മറ്റ് മുസ്്‌ലിം ആരാധനാലയങ്ങളിലേക്ക് കൂടി പുതുതലമുറ വലിച്ചിഴക്കപ്പെടുന്നു. അതിലൊന്നാണ് ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാമണ്ഡലമായ വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന തര്‍ക്കം. ഹിന്ദുപക്ഷമെന്ന പേരില്‍ വരാണസി സിവില്‍കോടതിയില്‍ ഫയല്‍ചെയ്യപ്പെട്ട ഹര്‍ജികളുടെ ഭാഗമായി മൂന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ഗ്യാന്‍വാപി മസ്ജിദിന്റെ കോമ്പൗണ്ടില്‍ കോടതി കമ്മീഷനെവെച്ച് പരിശോധന നടത്തുകയും പള്ളിയുടെ അംഗശുദ്ധി വരുത്തുന്ന കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രസ്തുത സ്ഥലം അടച്ചിടാന്‍ മെയ് 16ന് ജില്ലാമജിസ്‌ട്രേട്ട് ഉത്തരവിട്ടു. എന്നാല്‍ അഡ്വ. കമ്മീഷണര്‍ പ്രത്യേകതാല്‍പര്യത്തോടെയാണ് വീഡിയോ പരിശോധന നടത്തിയതെന്നും കണ്ടെത്തിയെന്നുപറഞ്ഞ ശിവലിംഗം കുളത്തിലെ ഫൗണ്ടനാണെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. ഇതിന്മേല്‍ അവര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഉന്നതനീതിപീഠവും മുസ്്‌ലിം വാദത്തെ ഇന്നലെ താല്‍കാലികമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.
പള്ളിയുടെ ഭാഗം തുറന്നുകൊടുക്കാനും ശിവലിംഗം സംരക്ഷിക്കാനുമായിരുന്നു മെയ് 17ന് ഉത്തരവിട്ടതെങ്കില്‍ ഇന്നലെ അതേ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചിരിക്കുന്നത് കേസ് വരാണസി ജില്ലാകോടതി കേള്‍ക്കട്ടെയെന്നും ഇടക്കാല ഉത്തരവ് തുടരുമെന്നുമാണ്. പള്ളിയിലെത്തുന്നവര്‍ക്ക് അംഗശുദ്ധി നിര്‍വഹിക്കാനായി അവരുമായി ആലോചിച്ച് സൗകര്യം ചെയ്തുകൊടുക്കണമെന്നും വിധിയില്‍ പറയുന്നു. സിവില്‍ കോടതിയുടെയും ജില്ലാകോടതിയുടെയും വിധികള്‍ അസ്ഥിരപ്പെടുത്തണമെന്നും ‘ശിവലിംഗം’ വ്യാജമാണെന്നും മസ്ജിദ് കമ്മിറ്റിക്കുവേണ്ടി അഭിഭാഷകന്‍ വാദിച്ചെങ്കിലും അതംഗീകരിക്കാന്‍ കൂട്ടാക്കാതെയാണ് ഉന്നതകോടതി ജില്ലാജഡ്ജിയിലേക്ക് കേസ് മാറ്റിനല്‍കിയിരിക്കുന്നത്. പരിചയസമ്പന്നനായ ജില്ലാജഡ്ജി കേസ് കേള്‍ക്കുന്നത് നല്ലതാണെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്. മജിസ്‌ട്രേട്ട്‌കോടതി റിപ്പോര്‍ട്ട് കയ്യോടെ അംഗീകരിച്ചതിലും കുളം അടച്ചുപൂട്ടാന്‍ അനുവദിച്ചതിലും പള്ളിയുടെ ഭാഗത്തിനുള്ള പ്രതിഷേധം ന്യായമാണ്. കമ്മീഷന്റെ റിപ്പോര്‍ട്ട് ഏതുവഴിയാണ് ചോര്‍ന്നതെന്നതും വ്യക്തം. ഇവ സുപ്രീംകോടതി പരിഗണിച്ചുവെന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ പറയപ്പെടുന്നത് ശിവലിംഗമാണോ എന്നത് പരിശോധിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, മുസ്്‌ലിംലീഗ് നേതാവ് ഗുലാംമഹ്മൂദ് ബനാത്‌വാലയുടെ സ്വകാര്യബില്ലിനെ അനുകൂലിച്ച് കോണ്‍ഗ്രസ്് സര്‍ക്കാര്‍ 1991ല്‍ പാര്‍ലമെന്റില്‍ പാസാക്കിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടനിയമം അവയുടെ 1947 ഓഗസ്റ്റ് 15ലെ നില തുടരണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള കാര്യം ജില്ലാകോടതിയിലും സുപ്രീംകോടതിയിലും ചൂണ്ടിക്കാട്ടപ്പെട്ടിട്ടും അതേക്കുറിച്ച് ന്യായാധിപന്മാര്‍ എന്തുകൊണ്ട് ഒരക്ഷരംപോലും മിണ്ടാതിരുന്നു എന്നതും മതേതരവിശ്വാസികളുടെ ആശങ്കയുണര്‍ത്തുന്നു.
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് 1669ല്‍ പണി കഴിപ്പിച്ചതാണ് ഗ്യാന്‍വാപി മസ്ജിദെന്നാണ് ചരിത്രരേഖകളില്‍ പറയുന്നത്. തൊട്ടടുത്തുതന്നെ കാശി വിശ്വനാഥക്ഷേത്രം സ്ഥിതിചെയ്യുമ്പോഴും ക്ഷേത്രം പൊളിച്ചുകളഞ്ഞാണ് പള്ളി പണിതതെന്ന വാദമാണ് ഹര്‍ജിക്കാരും സംഘ്പരിവാരവും ഉയര്‍ത്തുന്നത്. ശ്രീകൃഷ്ണജന്മസ്ഥലമെന്ന് പറയുന്ന മഥുരയിലെ ഈദ്ഗാഹ് മസ്ജിദിനെച്ചൊല്ലിയും കുത്തബ് മിനാറിനുവേണ്ടിയും ഒരേസമയം ഹര്‍ജികളുമായി ചെല്ലുന്നതെന്തിനായിരിക്കും? ഏതോ നിഗൂഢകോണില്‍നിന്ന് ചരടുവലിക്കപ്പെടാതെ ഇതൊന്നും സംഭവിക്കില്ലെന്നാര്‍ക്കാണറിഞ്ഞുകൂടാത്തത്. സ്വാതന്ത്ര്യാനന്തരമുള്ള വലിയ സാമ്പത്തിക വെല്ലുവിളികളെ രാജ്യം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് ജനങ്ങള്‍ക്കെതിരെ ഈ വര്‍ഗീയായുധങ്ങളെടുത്തുപയോഗിക്കുന്നതെന്നത് ഇതിനുപിന്നിലെ ഒളിയജണ്ട വ്യക്തമാക്കുന്നുണ്ട്. ‘കാശി, മഥുര ബാക്കിഹേ’ എന്ന് വിളിപ്പിച്ചവര്‍ തന്നെയാണിതിനുപിന്നിലും. ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവന്‍വെച്ചുള്ള തീക്കളിയാണിത്. പ്രശ്‌നത്തിലെ ഈ കാതലായ വശം കോടതി കാണാതെപോയോ എന്ന സന്ദേഹമാണിവിടെ ചിലരുയര്‍ത്തുന്നത.് താജ്മഹലിലെ ഇല്ലാത്ത വിഗ്രഹങ്ങളെച്ചൊല്ലി ഹര്‍ജിയുമായി ചെന്നവരെ ആട്ടിയോടിച്ച ന്യായാധിപന്റെ ആര്‍ജവമെങ്കിലും മറ്റു ചിലര്‍ക്കില്ലാതെ പോയതെന്തുകൊണ്ടാകും! നിയമനിര്‍മാണസഭയും ഭരണകൂടവും എതിരാകുമ്പോള്‍ നീതിപീഠത്തെയാണ് ജനം പ്രതീക്ഷയോടെ കാണുന്നതെന്നത് മറക്കരുത്.