അശ്റഫ് തൂണേരി
ദോഹ: ഹുക്ക (ഷീഷ) വലിക്കുന്നവര്‍ സൂക്ഷിക്കുക, ഏത് നിമിഷവും മാരക രോഗം പിടിപെട്ടേക്കാം. ഖത്തര്‍ സര്‍വ്വകലാശാല (ക്യു.യു) ഗവേഷകര്‍ ഈയ്യിടെ നടത്തിയ ഒരു പഠനത്തില്‍, ഷീഷ പുകവലി ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. ഖത്തര്‍ സര്‍വ്വകലാശാലക്ക് കീഴിലെ കോളേജ് ഓഫ് മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഓഫ് ബേസിക് മെഡിക്കല്‍ സയന്‍സസ് ഡോ. സുസു സുഗൈയറും ഖത്തര്‍ സര്‍വ്വകലാശാലയിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി അല്‍ഹസന്‍ മഹമൂദ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ ഒരു സംഘവുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഖത്തറിലും മധ്യ പൂര്‍വ്വ ഏഷ്യയിലും ഹുക്ക പുകവലിക്ക് ജനപ്രീതി ഏറെ ആയതിനാല്‍ ഈ കണ്ടെത്തല്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യപ്പെടുന്നതായി ഗവേഷകര്‍ പറഞ്ഞു. രുചിയുള്ള പുകയില വലിക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം വാട്ടര്‍ പൈപ്പാണ് ഷീഷ അഥവാ ഹുക്ക.
ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവ അനുഭവിച്ച 55.6 വയസ്സ് പ്രായമുള്ള 1,000-ലധികം പേരില്‍ നിന്നുള്ള ഡാറ്റ ഖത്തര്‍ സര്‍വ്വകലാശാല പഠന സംഘം വിശകലനം ചെയ്തു. ഖത്തര്‍ ബയോ ബാങ്കില്‍ (ക്യു.ബി.ബി) നിന്നാണ് ഡാറ്റ ലഭിച്ചത്. ഖത്തറില്‍ താമസിക്കുന്ന വ്യക്തികളില്‍ നിന്ന് ഡാറ്റയും രക്തമോ അല്ലെങ്കില്‍ ടിഷ്യു പോലുള്ള ജൈവ സാമ്പിളുകളോ ശേഖരിക്കുന്ന ഒരു ദേശീയ ഗവേഷണ സ്ഥാപനമാണ് ക്യു.ബി.ബി. വിവിധ രോഗങ്ങളും ആരോഗ്യസ്ഥിതികളും അന്വേഷിച്ചു കണ്ടെത്താനും പഠനത്തിനും ഗവേഷകര്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നു.
പുകവലിക്കാത്തവരെ അപേക്ഷിച്ച് ഷീഷ മാത്രം വലിക്കുന്ന വ്യക്തികള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത 1.65 മടങ്ങ് കൂടുതലാണെന്ന് പഠന ഫലങ്ങള്‍ വെളിപ്പെടുത്തി. ചെറുപ്പത്തില്‍ തന്നെ പുകവലി തുടങ്ങിയ ആളുകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത ഏറെയാണെന്നും പഠനം വിശദീകരിക്കുന്നു. ഷീഷ വലിക്കാന്‍ തുടങ്ങിയ പ്രായം കണക്കിലെടുത്തു ഹൃദയ സംബന്ധമായ അസുഖമുള്ളവരും (20 വയസ്സ്) കണ്‍ട്രോള്‍ ഗ്രൂപ്പും (25 വയസ്സ്) തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്നും കണ്ടെത്തി. ഷീഷ വലിക്കുന്നത് നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഷിഷ പുകവലിക്കാര്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ അറിഞ്ഞിരിക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. പൊതുജന അവബോധം കൂട്ടാനും അപകടസാധ്യതകളെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനും ഈ പഠനം ഉപകരിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.