ശ്രീനഗര്‍: കല്ലേറുകാരെ പ്രതിരോധിക്കാന്‍ ജീപ്പിന് മുമ്പില്‍ യുവാവിനെ കെട്ടി കവചം തീര്‍ത്ത മേജര്‍ നിഥിന്‍ ലീത്തല്‍ ഗൊഗോയ്ക്ക് സൈനിക ബഹുമതി. സേവന രംഗത്തെ മികവിനാണ് ബഹുമതി.
കഴിഞ്ഞ ഏപ്രില് 9 നാണ് 26 വയസ്സുകാരന്‍ ഫാറുഖ് അഹ്മദ് ദറിനെ ജീപ്പിന് മുന്നില്‍ കെട്ടി വെച്ച് മനുഷ്യകവചം തീര്‍ത്ത സംഭവമുണ്ടായത്. ശ്രീനഗര്‍ ലോകസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു അത്. കല്ലേറുകാരില്‍ നിന്ന് രക്ഷ നേടാന്‍ ചെയ്ത മേജറുടെ നടപടി ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ മേജറിന്റെ പ്രവര്‍ത്തനത്തില്‍ അപാകതയില്ലെന്ന ക്ലീന്‍ ചിറ്റ് കോടതി നല്‍കി എന്ന വാര്‍ത്ത നിഷേധിച്ച സൈന്യത്തിന്റെ നിലപാട് വെളിപ്പെടുത്തുന്നതാണ് പുതിയ വാര്‍ത്ത. പിടിഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സൈനിക സേവനത്തിലെ മികവിനാണ് മേജര്‍ ഗൊഗായ്ക്ക് അവാര്‍ഡ് നല്‍കിയതെന്ന് സൈനിക വക്താവ് അമാന്‍ ആനന്ദ് പറഞ്ഞു. കരസേനാ മേധാവി ജനറല്‍ റാവത്തിന്റെ അവസാന ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് പുരസ്‌കാരം നല്‍കിയത്.
മനുഷ്യകവചം തീര്‍ത്ത് നടത്തിയ ജീപ്പ് സവാരിയുടെ വീഡിയോ വിവാദമായതോടെ സംഭവത്തില്‍ സൈനിക വിഭാഗം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ജീപ്പില്‍ കെട്ടിയിടപ്പെട്ട 26കാരന്‍ ഫാറൂഖ് അഹ്മദ് ദര്‍ പ്രതികരിച്ചതിങ്ങനെ: ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കല്ലേറിനിറങ്ങിയ ആളല്ല ഞാന്‍. ഷാളുകളില്‍ എംബ്രോഡറി വര്‍ക്ക് ചെയ്യലാണ് എന്റെ തൊഴില്‍. അത്യാവശ്യം ആശാരിപ്പണിയുമറിയാം. ഇതല്ലാതെ മറ്റൊന്നിനും ഞാന്‍ നില്‍ക്കാറില്ല.
ഏപ്രില്‍ 9 ന് പതിനൊന്ന് മണിക്ക് ഏകദേശം നാലു മണിക്കൂറോളം പരേഡ് നടത്തിയെന്നാണ് ഫാറൂഖ് അഹ്മദ് ദറിനെതിരായ ആരോപണം. അതിനെതിരെ ഒരു പരാതി പോലും ഫയല്‍ ചെയ്തിട്ടില്ലെന്ന് ഫാറുഖ് പറഞ്ഞു. ‘ഞങ്ങള്‍ പാവങ്ങളാണ്; ഞങ്ങള്‍ ആരോട് പരാതി പറയാന്‍. 75 വയസ്സുകാരിയും ആസ്ത്മ രോഗിയുമായ മാതാവിനൊപ്പമാണ് ഞാന്‍ കഴിയുന്നത്. എനിക്ക് പേടിയാണ്. എനിക്കെതിരെ ആര്‍ക്കും എന്തും ചെയ്യാമെന്നാണ് അവസ്ഥ. ഞാനൊരിക്കലും കല്ലേറിനിറങ്ങിയിട്ടില്ല-ഫാറുഖ് പറഞ്ഞു.
ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ദിവസം ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ഗംപോറയിലേക്ക് പോവുന്ന വഴിയാണ് താന്‍ പിടിയിലകപ്പെടുന്നതെന്ന് ഫാറുഖ് പറയുന്നു.