പൂനെ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അപ്രതീക്ഷിത തോല്‍വി രുചിച്ച രോഹിത് ശര്‍മക്കും സംഘത്തിനും ഇന്ന് പകരം വീട്ടാനുണ്ട്. സ്വന്തം വേദിയില്‍ എപ്പോഴും തല മാത്രം ഉയര്‍ത്തിയ പാരമ്പര്യമുള്ള ഇന്ത്യക്കാരെ വിറപ്പിച്ച സുന്ദര വിശ്വാസ കിവികളും ഇറങ്ങുമ്പോള്‍ ഇന്ന് രണ്ടാം ടെസ്റ്റില്‍ ആദ്യ മണിക്കൂര്‍ മുതല്‍ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ അദ്ധ്വാനിക്കുന്ന ഇന്ത്യക്ക് ചിന്നസ്വാമിയിലെ ആഘാതം മറക്കാനാവുന്നില്ല. ആദ്യ ഇന്നിംഗ്സിലെ ദുരന്തമായിരുന്നു ടീമിനെ ചതിച്ചത്. ടോസ് നേടിയിട്ടും ക്യാപ്റ്റന്‍ രോഹിത് എടുത്ത തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ മുതല്‍ രണ്ടാം ഇന്നിംഗ്‌സിലെ അവസാന ബാറ്റിംഗ് കര്‍ച്ചയില്‍ വരെ കുറ്റം കണ്ടെത്തുന്നവരെ നിശബ്ദരാക്കാന്‍ രോഹിതിനും സംഘത്തിനും വിജയം നിര്‍ബന്ധം.
ബംഗ്ലാദേശിനെതിരായ പരമ്പര ഏകപക്ഷിയമായി സ്വന്തമാക്കിയതിന് ശേഷം ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഒരുക്കത്തിലാണ്. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ക്രിക്കറ്റില്‍ ആധിപത്യം നേടാനുള്ള ഒരുക്കത്തില്‍ ഇവിടെ നിന്നും കരുത്തോടെ തന്നെ ഇന്ത്യക്ക് പോവണം. ഇന്ത്യന്‍ സംഘത്തിന് പൂനെ അപരിചിതമല്ല. സ്‌പോര്‍ട്ടിംഗ് ട്രാക്കാണ് പൂനെയിലേത്. തുടക്കത്തില്‍ ബാറ്റിംഗിനെ തുണക്കുമ്പോഴും അവസാനത്തില്‍ സിപിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കും. ഇന്ത്യന്‍ യുവ തലമുറക്ക് പിറകില്‍ നിന്നും ടെസ്റ്റ് പരമ്പര തുടങ്ങിയ അനുഭവമില്ല. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയാവുമ്പോള്‍ എപ്പോഴും വലിയ വിജയത്തിലാണ് തുടങ്ങാറ്. 2017 ല്‍ ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ തോല്‍വിയില്‍ നിന്നാണ് ഇന്ത്യ ആരംഭിച്ചത്.
2021 ലും 2024 ലും ഇംഗ്ലണ്ടുകാരും ഇന്ത്യയില്‍ ജയിച്ചാണ് തുടങ്ങിയത്. എന്നാല്‍ ആ പരമ്പരകളില്ലെല്ലാം നാല് മല്‍സരങ്ങളുണ്ടായിരുന്നു. ന്യൂസിലന്‍ഡിനെതിരെ മുന്ന് മല്‍സരങ്ങള്‍ മാത്രമാണ്. അതിനാല്‍ പരമ്പരയില്‍ ഒപ്പമെത്തുക എന്നതാണ് പൂനെ യില്‍ ഇന്ത്യയുടെ ലക്ഷ്യം. മുംബൈയില്‍ നടക്കുന്ന അവസാന മല്‍സരം ജയിച്ച് പരമ്പരയും സ്വന്തമാക്കണം. ഇന്ത്യന്‍ സംഘത്തില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ശുഭ് മാന്‍ ഗില്‍ പരുക്കില്‍ നിന്നും മുക്തനായി മുന്നാം നമ്പറില്‍ വരുമ്പോള്‍ വിരാത് കോഹ്ലി നാലാം നമ്പറിലേക്ക് മാറും. കെ.എല്‍ രാഹുലിനാവും സ്ഥാനം നഷ്ടമാവും. ആ നമ്പറിലേക്ക് സര്‍ഫ്രാസ് ഖാന്‍ വരും. ബൗളിംഗിലും ചിലപ്പോള്‍ മാറ്റം വന്നേക്കാം. പുതിയ പന്തില്‍ ജസപ്രിത് ബുംറക്കൊപ്പം ആകാശ ദീപിനെ പരീക്ഷിച്ചാല്‍ അല്‍ഭുതപ്പെടാനില്ല. ചിന്നസ്വാമിയില്‍ മുഹമ്മദ് സിറാജ് പരാജയമായിരുന്നു. മല്‍സരം രാവിലെ 9-30 മുതല്‍.