X

ഉദുമല്‍പേട്ട ദുരഭിമാനക്കൊല: ഭാര്യാപിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ

ചെന്നൈ: ദളിത് യുവാവ് ശങ്കറിനെ വെട്ടിക്കൊന്നകേസില്‍ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ശങ്കറിന്റെ ഭാര്യപിതാവ് ചിന്നസ്വാമി, വാടകക്കൊലയാളികളായ ജഗദീശന്‍, മണികണ്ഠന്‍, കലൈതമിഴ് വണ്ണന്‍, മൈക്കിള്‍, സെല്‍വകുമാര്‍, തുടങ്ങിയവര്‍ക്കാണ് തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്ന് പേരെ കോടതി വെറുതെ വിട്ടു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13നാണ് ഉദുമല്‍പേട്ടൈയില്‍ വെച്ച് പട്ടാപ്പകല്‍ കൗസല്യയുടെ അച്ഛന്റെ ഗുണ്ടകള്‍ ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുരൈ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലപാതകമെന്നായിരുന്നു കേസ്. ശങ്കറിന്റെ ഭാര്യ കൗസല്യ നല്‍കിയ സാക്ഷിമൊഴിയും ഗൂഢാലോചനയുടെ തെളിവുകളുമാണ് കേസിലെ വിധിയില്‍ നിര്‍ണായകമായത്. തന്റെ മുന്നില്‍ വെച്ചാണ് ശങ്കറിനെ പട്ടാപ്പകല്‍ അച്ഛന്റെ ഗുണ്ടകള്‍ കൊന്നതെന്ന് കൗസല്യമൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് മറ്റൊരു പ്രധാന തെളിവ്. ഉദുമല്‍പേട്ടൈയിലെ ഓട്ടോ െ്രെഡവറുടെ മൊഴിയും സഹായകമായി.

തേവര്‍ സമുദായത്തില്‍പെട്ട കൗസല്യ എന്ന യുവതി ദളിത് സമുദായത്തില്‍പെട്ട ശങ്കറിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. കൗസല്യയുടെ മാതാപിതാക്കള്‍ വിവാഹവിവരം അറിഞ്ഞയുടനെ കൗസല്യയെ വിദ്യാഭ്യാസം അവസാനിപ്പിച്ച് വീട്ടില്‍ എത്തിച്ചുവെങ്കിലും ഒരു മാസത്തിന് ശേഷം ശങ്കറിന്റെ വീട്ടിലേക്ക് കൗസല്യയെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്നുള്ള ദുരഭിമാനമാണ് കൊലയിലേക്ക് നയിച്ചത്.

chandrika: