തെലങ്കാനയില്‍ ഇതര ജാതിയിലുള്ള യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. സൂര്യപേട്ട് സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ആറ് മാസം മുമ്പായിരുന്നു സൂര്യപേട്ട് സ്വദേശി കൃഷ്ണ ഭാര്‍ഗവിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇതര ജാതിയില്‍പ്പെട്ട കൃഷ്ണയുമായുള്ള വിവാഹത്തെ ഭാര്‍ഗവിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. കല്യാണത്തിന് ശേഷവും യുവതിയുടെ കുടുംബത്തില്‍ നിന്നും ഭീഷണി തുടര്‍ന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഭാര്‍ഗവിയുടെ സഹോദരന്‍ മഹേഷ് സൗഹൃദം നടിച്ച് കൃഷ്ണയെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കാനാല്‍ കരയില്‍ ഉപേക്ഷിച്ചെന്നാണ് കൃഷ്ണയുടെ കുടുംബം ആരോപിക്കുന്നത്.
ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൃഷ്ണയെ കൊലപ്പെടുത്തി മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തില്‍ ദളിത് സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.