X
    Categories: Culture

ഹോങ്കോങിലെ ചൈനീസ് വിരുദ്ധ ജനാധിപത്യ നേതാക്കള്‍ കോടതിയില്‍ ഹാജരായി

ഹാങ്കോങ്: ചൈനീസ് നിയന്ത്രണത്തിനെതിരെ 2014ല്‍ അംബ്രല്ല മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത കേസില്‍ ഹോങ്കോങിലെ ഒമ്പത് ജനാധിപത്യ പ്രവത്തകര്‍ കോടതിയില്‍ ഹാജരായി.

പൊതുജനങ്ങളെ ശല്യം ചെയ്യുന്ന വിധം പ്രക്ഷോഭങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്നും പ്രതിഷേധക്കാരെ ഇളക്കിവിട്ടുവെന്നുമാണ് കേസ്. ഹോങ്കോങ് ഭരണാധികാരിയെ കണ്ടെത്താന്‍ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികളും നിയമനിര്‍മാതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

ഏഴു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് അംബ്രല്ല മൂവ്‌മെന്റിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തങ്ങള്‍ക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് അവര്‍ ആരോപിച്ചു. പ്രതിഭാഗത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് കേസ് മെയ് 25ലേക്ക് മാറ്റിവെച്ചു. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ജനാധിപത്യ നേതാക്കളെ കോടതിയില്‍ ഹാജരാക്കിയത്. ചൈനീസ് അനുകൂലികളും എതിരാളികളുമായ നൂറുകണക്കിന് ആളുകള്‍ കോടതിക്കു പുറത്ത് തടിച്ചുകൂടിയിരുന്നു. ജനാധിപത്യ നേതാക്കള്‍ക്കെതിരായ കേസിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം നിരവധി മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിച്ചു. ഹോങ്കോങിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി ഒരുമിച്ചുകൂടാനുള്ള അവകാശത്തിനുമെതിരായ കടന്നാക്രമണമാണ് ഇതെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. ചൈനീസ് അനുകൂല നേതാവ് കാരി ലാം ഹോങ്കോങ് ചീഫ് എകിസ്‌ക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ട് തൊട്ടടുത്ത ദിവസമാണ് ജനാധിപത്യ നേതാക്കള്‍ക്കെതിരെ നിയമനടപടി തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്. 1997ല്‍ ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനക്ക് കൈമാറിയതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ജൂലൈയില്‍ ഹോങ്കോങിലെത്തുന്നുണ്ട്.

chandrika: