തളിപ്പറമ്പ്: യുവതിയെ ഉപയോഗിച്ച് കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. കാസര്‍കോട് കുടലൂര്‍ കളിയങ്ങാട് ജഗദംബ ക്ഷേത്രത്തിനടുത്ത് മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സമീറ എന്ന ഹാഷിദ(32)യാണ് അറസ്റ്റിലായത്. ഇവര്‍ മഞ്ചേശ്വരം സ്വദേശിനിയാണ്. മാതമംഗലത്തെ അറുപതുകാരനെ വിവാഹം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ചപ്പാരപ്പടവ് സ്വദേശികളായ രണ്ട് യുവ വ്യാപാരികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രംഗങ്ങള്‍ പകര്‍ത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തിലെ യുവതിയാണ് സമീറ. ഹണി ട്രാപ്പ് കേസില്‍ ചുഴലിയിലെ കെ.പി.ഇര്‍ഷാദ്(20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ്(22), ചൊറുക്കള വെള്ളാരംപാറയിലെ ടി.മുസ്തഫ(65), നെടിയേങ്ങ നെല്ലിക്കുന്നിലെ പി.എസ്. അമല്‍ദേവ്(21) എന്നിവരെ കഴിഞ്ഞ ആഗസ്റ്റ് 24 ന് തളിപ്പറമ്പ് എസ്‌ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തിരുന്നു.
മാതമംഗലത്തെ അറുപതു വയസുകാരനെ വിവാഹം ചെയ്ത് വഞ്ചിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയിരുന്നു. 2017 ഡിസംബറിലാണ് ഹണി ട്രാപ്പ് കേസിലെ പ്രതി മുസ്തഫയുടെ വെള്ളാരംപാറയിലെ വാടക വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരുമെന്ന് പ്രലോഭിപ്പിച്ച് സമീറ യോടൊപ്പം ഫോട്ടോ എടുപ്പിച്ചത്. ആ ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികള്‍ ഭാസ്‌കരനില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ ഹാഷിദ കാസര്‍കോടെ ബിഎംഎസ് നേതാവായ ദിനേശിനെ വിവാഹം ചെയ്ത് അയാളുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.