കണ്ണൂര്‍ പാനൂരില്‍ സിപിഎം നേതാക്കളെ ലഹരി ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. മുന്‍ സിപിഎം പ്രവര്‍ത്തകനും രാഷ്ട്രീയ കൊലപാതക കേസില്‍ ഉള്‍പ്പടെ പ്രതിയായ ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്. സിപിഎം ചമ്പാട് ലോക്കല്‍ കമ്മറ്റി ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
സിപിഎം ചമ്പാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയാണ് ഭീഷണി ഉണ്ടായത്. ജന്മീന്റവിട ബിജു ഉള്‍പ്പടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളെ നേരത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതായി സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
പന്ന്യന്നൂര്‍ പഞ്ചായത്തിലെ ചമ്പാട് ലോക്കലിലെ അരയാക്കൂലില്‍ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെ ലഹരി മാഫിയ സംഘം നേതാക്കളെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടുന്നവര്‍ക്ക് എതിരെ കൊലവിളി നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ചമ്പാട് ലോക്കല്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം പാര്‍ട്ടി നേതാക്കളെയും, പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പടെയുള്ളവരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
അരയാക്കൂല്‍ മേഖലയിലെ നാല് പേരെ കഞ്ചാവുമായി കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. ഈ പൊതുയോഗം കഴിഞ്ഞു പോയ സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയാണ് ലഹരി സംഘങ്ങളുടെ ഭീഷണി. സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളെ പരസ്യമായി കൊന്നുകളയുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിഷയത്തില്‍ പൊലീസിന് വിവരം നല്‍കിയത് സിപിഎം നേതാക്കളാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ജന്മിന്റവിട ബിജുവിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബിജെപി പ്രവര്‍ത്തകനായ കുന്നോത്ത്പറമ്പിലെ കെ.സി.രാജേഷ് വധ കേസിലും, പാനൂരിലെ ചുമട്ട് തൊഴിലാളിയും ബി.എം.എസ് പ്രവര്‍ത്തകനുമായ കുറിച്ചിക്കരയിലെ വിനയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതിയാണ് ജന്മീന്റവിട ബിജു. നേരത്തെ സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകനായ ബിജു പാര്‍ട്ടിക്ക് വേണ്ടി നിരവധി രാഷ്ട്രിയ അക്രമ കേസുകളില്‍ പ്രതിയായിട്ടുണ്ട്. പാര്‍ട്ടി ജന്മീന്റവിട ബിജു ഉള്‍പ്പടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞതായാണ് സിപിഎം നേതാക്കള്‍ പറയുന്നത്.
മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരായ ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ സി പി എം നേതൃത്വത്തിന് വന്നതോടെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരെ പാര്‍ട്ടി നേതൃത്വം തിരിയാനുള്ള പ്രധാന കാരണം. സി പി എം പ്രവര്‍ത്തകരായ ക്വട്ടേഷന്‍ സംഘത്തിന് എതിരെ പൊതുവികാരം ഉയര്‍ന്നു വന്നതോടുകൂടിയാണ് പാര്‍ട്ടിനേതൃത്വവും ഇവരെ തള്ളി പറഞ്ഞത്. സി പി എമ്മിന് വേണ്ടി രാഷ്ട്രിയ എതിരാളികളെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ ആയവര്‍ക്ക് എതിരെയാണ് പാര്‍ട്ടി നേതൃത്വം പൊലീസില്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവരും സി പി എം പ്രവര്‍ത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നത വരും ദിവസങ്ങളില്‍ മറനീക്കി പുറത്ത് വരും.