X

പാര്‍ട്ടിക്കു തന്നെ വിശ്വാസം നഷ്ടമാകുന്ന ആഭ്യന്തരം-എഡിറ്റോറിയല്‍

സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളില്‍ മൂര്‍ച്ചയേറിയ വാഗ്വാദങ്ങള്‍ക്കിട വരുത്തുന്ന ഘടകങ്ങളിലൊന്നാണ് ആഭ്യന്തര വകുപ്പിന്റെ പരാചയം. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തു തന്നെ നരേന്ദ്ര മോദിയുടെ അടുപ്പക്കാരന്‍ ലോക്‌നാഥ് ബെഹറയെ ഡി.ജി.പി ആക്കിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച വകുപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ രണ്ടാം പിണറായിക്കാലത്തും അഭംഗുരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ ജില്ലാ തലത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ബ്രാഞ്ച്, ലോക്കല്‍, ഏരിയാ തലങ്ങളിലെല്ലാം ആഭ്യന്തര വകുപ്പിനെതിരായ രൂക്ഷ വിമര്‍ശനനങ്ങള്‍ക്കു വേദിയായിത്തീര്‍ന്നിരുന്നു. ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും കൂടുതല്‍ ശക്തമായ വിമര്‍ശനങ്ങള്‍ ആഭ്യന്തര വകുപ്പിനും വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കും അഭിമുഖീകരിക്കേണ്ടി വരും എന്നുറപ്പാണ്. പൊലീസിന്റെ മേല്‍ ആഭ്യന്തര വകുപ്പിന് നിയന്ത്രണമില്ല എന്നതാണ് പാര്‍ട്ടിക്കുള്ളിലുള്ള പ്രധാനവിമര്‍ശനം.

പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം മുറുകുന്നുവെന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് സേനയുടെ പ്രവര്‍ത്തനമെന്ന ആരോപണം സി.പി.എം നേതാക്കള്‍ക്കു തന്നെ ശരിവെക്കേണ്ടി വരികയാണ്. മാസങ്ങള്‍ക്കു മുമ്പു നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തുടര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുക്കാതിരുന്നത് വന്‍ വീഴ്ച്ചയായാണ് പാര്‍ട്ടി നേതൃത്വം തന്നെ വിലയിരുത്തുന്നത്. ഒന്നാമത്തെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. ഷാനിന്റെ കൊലപാതകത്തിനു ശേഷം പ്രതികളെ ഉടന്‍ പിടികൂടാനോ വാഹന പരിശോധനാ കര്‍ശനമാക്കാനോ പിന്നില്‍ ആരെന്നു സൂചനയുണ്ടായിട്ടും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കാനോ പൊലീസ് തയാറാകാതിരുന്നതാണ് രണ്ടാമത്തെ കൊലപാതകവും നടക്കാന്‍ കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വിദ്വേഷ പ്രചരണങ്ങള്‍ക്ക് തടയിടാനോ പ്രദേശത്ത് അന്നു തന്നെ ഗുണ്ടാ ആക്രമണങ്ങള്‍ നടന്നത് തടയാനോ കഴിയാതിരുന്നതും വിമര്‍ശനത്തിന് വിധേയമാക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പൊലീസിനെതിരായി നേരത്തെ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ സി.പി.എം നേതാക്കള്‍ക്കു തന്നെ കടുപ്പിക്കേണ്ടി വന്നത്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണക്ക് ഇരയാക്കിയ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധിയും പൊലീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അപാകത തുറന്നു കാട്ടുന്നതാണ്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു വരെ കോടതി നിര്‍ദേശിക്കുകയുണ്ടായി. കുറ്റാരോപിതയായ പൊലീസ് ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്നു പോലും കോടതിക്കു ചോദിക്കേണ്ടി വന്നിരിക്കുകയാണ്. ഒരു ന്യായീകരണത്തിനും ഇടനല്‍കാത്ത ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ് പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതും സമ്മേളനങ്ങളിലെ പൊള്ളുന്ന ചര്‍ച്ചയായി ആഭ്യന്തര വകുപ്പ് മാറുന്നതും. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് സര്‍ക്കാറിന്റെ വീഴ്ച്ചകളെ തുറന്നു കാട്ടാന്‍ പാര്‍ട്ടി നേതൃത്വം ഭയപ്പെട്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പുതിയ സര്‍ക്കാറില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഒരു നിര തന്നെ മറുവശത്തുള്ളതിനാല്‍ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഉറപ്പായും പുതിയ മന്ത്രിസഭയിലുണ്ടാവുമെന്നു കരുതപ്പെട്ടവരും രണ്ടാം തവണ സീറ്റുപോലും നിഷേധിക്കപ്പെട്ടവരുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും പൊലീസിന്റെ വീഴ്ച്ചയെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ ആഭ്യന്തര വകുപ്പിന്റെ കാര്യത്തില്‍ നേരത്തെ തന്നെ രണ്ടു തട്ടിലാണ്. കേരള പൊലീസില്‍ ആര്‍.എസ്.എസ് കടന്നുകയറ്റമുണ്ടെന്ന് ദേശീയ നേതാവ് ആനി രാജ തുറന്നടിച്ചപ്പോള്‍ അതിനെതിരെ അതിശക്തമായ ഭാഷയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തു വന്നിരുന്നുവെങ്കിലും കാനത്തിന്റെ പ്രതികരണത്തെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിനിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ ആനിയുടെ പ്രസ്താവനയെ ന്യായീകിരച്ചു രംഗത്തെത്തിയപ്പോള്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും അതിനോട് യോജിക്കുകയുണ്ടായി. ചുരുക്കത്തില്‍ വര്‍ഗീയതക്കെതിരായുള്ള പോരാട്ടത്തിന്റെ പേരു പറഞ്ഞാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ജനങ്ങളെ സമീപിച്ചത്. എന്നാല്‍ ആ പ്രചരണത്തിലെ പൊള്ളത്തരം സി.പി.എം നേതാക്കള്‍ക്കു തന്നെ തിരുത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്.

Test User: