X

ആഭ്യന്തരവകുപ്പ് നാണക്കേട്, മന്ത്രിസഭാ പുനഃസംഘടന അനിവാര്യം; കൊല്ലത്തും മുഖ്യമന്ത്രിക്ക് കൊട്ട്

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനം. ആഭ്യന്തരവകുപ്പ് സർക്കാരിന് നാണക്കേടുണ്ടാക്കി. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം എന്ന പൊതുവികാരമാണ് ജില്ലാകമ്മിറ്റിയില്‍ പ്രതിഫലിച്ചത്. മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യമുയർന്നു.

മന്ത്രിസഭാ രൂപീകരണത്തിൽ രഹസ്യ അജണ്ട ഉണ്ടായിരുന്നെന്നും കണ്ണൂർ ലോബിയാണ് സർക്കാരിനെയും പാർട്ടിയെയും നിയന്ത്രിക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പരിചയസമ്പത്തില്ലാത്ത മന്ത്രിമാർ രണ്ടാം പിണറായി സർക്കാരിന് ഭാരമായി മാറി. എത്രയും വേഗം മന്ത്രി സഭ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യമുയർന്നു.

മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ ആയിരുന്നു ഏറെ വിമർശനങ്ങളും. മുഖ്യമന്ത്രിയുടെ മോശം പെരുമാറ്റം പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കി. മൈക്കും രക്ഷാപ്രവർത്തനവും മുതല്‍ തിരഞ്ഞെടുപ്പിന് ശേഷം ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിനെ അധിക്ഷേപിച്ചതു വരെ വിമർശനത്തിനിടയാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ചകളുണ്ടായെന്നും വിമർശനമുയർന്നു. ധനവകുപ്പിന്‍റെ പ്രവർത്തനത്തിനും അതൃപ്തി രേഖപ്പെടുത്തി. മന്ത്രിസഭാ പുനഃസംഘടന അനിവാര്യമാണെന്ന വിലയിരുത്തലുമുണ്ടായി. മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും പ്രവർത്തനത്തില്‍ കടുത്ത അതൃപ്തിയാണ് മിക്ക കമ്മിറ്റികളിലും ഉയരുന്നത്.

webdesk13: