X

ലോകകപ്പ് നാളുകളില്‍ പരിശുദ്ധ ഉംറയും നിര്‍വഹിക്കാം

ദോഹ: ഹയ കാര്‍ഡ് കൈവശമുള്ള മുസ്‌ലിംകള്‍ക്ക് ലോകകപ്പ് നാളുകളില്‍ പരിശുദ്ധ ഉംറയും നിര്‍വഹിക്കാം. ഹയ കാര്‍ഡുള്ളവര്‍ക്ക് ഉംറക്ക് പ്രത്യേക വിസ വേണ്ടെന്നും അവര്‍ക്ക് പരിശുദ്ധ ഭുമിയിലെത്താമെന്നും സഊദി അറേബ്യ ഇന്നലെ വ്യക്തമാക്കി. ലോകകപ്പിനെത്തുന്നവര്‍ക്ക് ഖത്തര്‍ നല്‍കുന്ന വിസയാണ് ഹയ. ലോകകപ്പ് ടിക്കറ്റുള്ളവര്‍ ഹയ കാര്‍ഡ് നിര്‍ബന്ധമായും കൈവശം കരുതണം. ഈ ഹയ വിസക്ക് രണ്ട് മാസത്തെ കാലാവധിയുമുണ്ട്.

ഈ സമയത്ത് സഊദിയിലെത്തി ഉംറ നിര്‍വഹിക്കാമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ വിസാ വകുപ്പില്‍ അസിസ്റ്റന്‍ഡ് ഡയരക്ടറായ ഖാലിദ് അല്‍ ഷമാരി വ്യക്തമാക്കിയിരിക്കുന്നത്. ഹയ കൈവശമുള്ളവര്‍ക്ക്് സഊദിയില്‍ 2023 ജനുവരി 11 അവസാനിക്കുന്ന തരത്തില്‍ രണ്ട് മാസത്തോളം താമസിക്കാം. വിസ സൗജന്യമാണെങ്കിലും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എല്ലാവരും സ്വന്തം ചെലവില്‍ കൈപ്പറ്റണം. ഹയ കൈവശമുളളവര്‍ക്ക് ആ രണ്ട് മാസ കാലയളവില്‍ എത്ര തവണ വേണമെങ്കിലും സഊദിയിലെത്താം.

ഖത്തര്‍ വഴി വരണമെന്നുമില്ല. ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ അയല്‍ രാജ്യങ്ങളെല്ലാം തുറന്ന പിന്തുണയാണ് ദോഹക്ക് നല്‍കുന്നത്. ഖത്തറുമായി കരമാര്‍ഗം അതിര്‍ത്തി പങ്കിടുന്ന സഊദി ലോകകപ്പിനെത്തുന്നവര്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്. കുവൈറ്റ്, ഒമാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകകപ്പ് നാളുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രമായി പ്രതിദിനം 160 വ്യോമയാന സര്‍വീസുകളാണ് ദോഹയിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Test User: